ന്യൂയോർക്ക്: ലോകകപ്പ് ഫൈനലിൽ പ്രവേശിക്കാൻ കഴിയാത്തതിന്റെ നിരാശയ്ക്കിടയിലും ലൂസേഴ്സ് ഫൈനലിൽ കളിക്കേണ്ടി വരുന്നതിലുള്ള ബുദ്ധിമുട്ട് തുറന്നുപറഞ്ഞ് ഫ്രാൻസ് പരിശീലകൻ ദിദിയെ ദെഷാം. ഇംഗ്ലണ്ടിനെതിരായ മൂന്നാം സ്ഥാനത്തിനായുള്ള മത്സരം കളിക്കാൻ ഫ്രാൻസിനോ ഇംഗ്ലണ്ടിനോ താൽപ്പര്യമില്ലായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ദേശീയ ടീമിനോടും ഫുട്ബോളിനോടുമുള്ള ഉത്തരവാദിത്തത്തിന്റെ ഭാഗമായി ഈ മത്സരം കളിക്കാൻ ടീം സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെമിഫൈനലിൽ സ്‌പെയിനിനോട് 2-0 എന്ന സ്കോറിന് പരാജയപ്പെട്ടതോടെയാണ് ഫ്രാൻസിന്റെ തുടർച്ചയായ മൂന്നാം ലോകകപ്പ് ഫൈനൽ എന്ന സ്വപ്നം അവസാനിച്ചത്. മത്സരത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കവേ, പോരാട്ടത്തിന്റെ പ്രാധാന്യം കുറച്ചുകാണുന്നില്ലെന്നും വിജയത്തോടെ തന്നെ ടൂർണമെന്റ് അവസാനിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ദെഷാം പറഞ്ഞു. ഫ്രാൻസിന്റെ ജഴ്സി അണിയുമ്പോൾ വിജയമല്ലാതെ മറ്റൊരു ലക്ഷ്യവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ദേശീയ ടീമിന്റെ പരിശീലകനെന്ന നിലയിൽ തന്റെ അവസാന മത്സരമായതിനാൽ വെങ്കല മെഡലോടെ വിടപറയാനാണ് ആഗ്രഹമെന്നും ദെഷാം വെളിപ്പെടുത്തി. പരിശീലകന് വിജയത്തോടെ യാത്രയയപ്പ് നൽകാൻ ടീം പ്രതിജ്ഞാബദ്ധമാണെന്ന് ഫ്രഞ്ച് പ്രതിരോധതാരം ഇബ്രാഹിമ കൊനാട്ടെയും വ്യക്തമാക്കി. ഇംഗ്ലണ്ടും ഫ്രാൻസും തമ്മിലുള്ള മൂന്നാം സ്ഥാനത്തിനായുള്ള മത്സരം ഇന്ത്യൻ സമയം ശനിയാഴ്ച രാത്രി ഫ്ലോറിഡയിൽ അരങ്ങേറും. ലോകകപ്പ് മെഡൽ സ്വന്തമാക്കി അഭിമാനത്തോടെ ടൂർണമെന്റ് അവസാനിപ്പിക്കാനാണ് ഇരു ടീമുകളും ലക്ഷ്യമിടുന്നത്.

