റാഞ്ചി: ഝാർഖണ്ഡിലെ ഇടതുതീവ്രവാദ ശൃംഖലയ്ക്ക് കനത്ത തിരിച്ചടിയായി സിപിഐ (മാവോയിസ്റ്റ്) ഉന്നത നേതാവ് അജയ് മഹ്‌തോ പിടിയിലായി. മോച്ചു, ടൈഗർ എന്നീ പേരുകളിലും അറിയപ്പെടുന്ന ഇയാൾ സംഘടനയുടെ പ്രത്യേക ഏരിയ കമ്മിറ്റി അംഗമാണ്. ഇയാളുടെ തലയ്ക്ക് 25 ലക്ഷം രൂപ പാരിതോഷികം നേരത്തെ അധികൃതർ പ്രഖ്യാപിച്ചിരുന്നു. ഗിരിഡിഹ് പോലീസും സിആർപിഎഫും സംയുക്തമായി നടത്തിയ പ്രത്യേക ഓപ്പറേഷനിലൂടെയാണ് ഇയാളെ പിടികൂടിയത്.
ജൂലൈ 17-ന് ഗിരിഡിഹ് ജില്ലയിലെ ഖുഖ്ര പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഹർലാഡിഹ് വനമേഖലയിൽ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന രഹസ്യവിവരം സുരക്ഷാസേനയ്ക്ക് ലഭിച്ചിരുന്നു. തുടർന്ന് ഗിരിഡിഹ് എസ്പി ബിമൽ കുമാർ, കോബ്ര 209 ബറ്റാലിയൻ കമാൻഡന്റ് സൗരഭ് ഭട്‌നാഗർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക തിരച്ചിൽ ആരംഭിച്ചു. പിപ്രാദിഹ് ഗ്രാമത്തിന് സമീപമുള്ള വനമേഖല വളഞ്ഞ സുരക്ഷാസേന, രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് അജയ് മഹ്‌തോയെ കീഴ്പ്പെടുത്തിയത്.
2005 മുതൽ മാവോയിസ്റ്റ് പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അജയ് മഹ്‌തോ, പരസ്‌നാഥ് മേഖലയിലെ ഏരിയ കമാൻഡറായും പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഝാർഖണ്ഡിലെ വിവിധ ജില്ലകളിൽ മാവോയിസ്റ്റ് അക്രമങ്ങൾക്ക് നേതൃത്വം നൽകിയ ഇയാൾക്കെതിരെ കൊലപാതകം, ഐഇഡി സ്ഫോടനം, സുരക്ഷാസേനയ്ക്ക് നേരെയുള്ള ആക്രമണം, സർക്കാർ സ്വത്ത് നശിപ്പിക്കൽ തുടങ്ങി 240-ലധികം കേസുകളാണ് നിലവിലുള്ളത്. ഇയാളുടെ അറസ്റ്റ് മാവോയിസ്റ്റ് ശൃംഖലയെ ദുർബലപ്പെടുത്തുമെന്നും മേഖലയിലെ സമാധാനവും വികസനവും ഉറപ്പാക്കാൻ ഇത് സഹായകമാകുമെന്നും ഗിരിഡിഹ് പോലീസ് അറിയിച്ചു. മാവോയിസ്റ്റ് പ്രവർത്തകർ ആയുധം ഉപേക്ഷിച്ച് കീഴടങ്ങണമെന്നും, സർക്കാർ പുനരധിവാസ പദ്ധതികൾ വഴി മുഖ്യധാരയിലേക്ക് മടങ്ങിവരണമെന്നും എസ്പി ബിമൽ കുമാർ ആഹ്വാനം ചെയ്തു.

