ന്യൂഡൽഹി: വിജയകരമായ ദൗത്യങ്ങളിലൂടെ ആഗോള തലത്തിൽ ശ്രദ്ധ നേടിയ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ), വരും വർഷങ്ങളിൽ നിർണായകമായ ഒട്ടേറെ പദ്ധതികളുമായി മുന്നേറാൻ ഒരുങ്ങുകയാണ്. ഭൂനിരീക്ഷണ ഉപഗ്രഹങ്ങൾ മുതൽ മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഗഗൻയാൻ, ചന്ദ്രനിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുന്ന ചന്ദ്രയാൻ-4, ശുക്രഗ്രഹ പര്യവേക്ഷണം തുടങ്ങി സുപ്രധാനമായ ദൗത്യങ്ങളാണ് ഐഎസ്ആർഒയുടെ ഭാവി പദ്ധതിപ്പട്ടികയിലുള്ളത്.
ഭൂനിരീക്ഷണത്തിനായി 2026 ജൂലൈക്ക് ശേഷം വിക്ഷേപിക്കാൻ സാധ്യതയുള്ള EOS-05 (GISAT-1A) ഉപഗ്രഹം ജിഎസ്എൽവി മാർക്ക്-2 റോക്കറ്റിലൂടെയാണ് വിക്ഷേപിക്കുക. പ്രകൃതി ദുരന്തങ്ങളെ നിരീക്ഷിക്കുന്നതിനും തത്സമയ വിവരങ്ങൾ കൈമാറുന്നതിനും പുറമെ, കൃഷി, വനസംരക്ഷണം, അതിർത്തി നിരീക്ഷണം എന്നിവയിൽ ഈ ഉപഗ്രഹം നിർണായക പങ്ക് വഹിക്കും. ഇതിനുപുറമെ, രാജ്യത്തിന്റെ ആശയവിനിമയ ശൃംഖല ശക്തിപ്പെടുത്തുന്നതിനായി GSAT-32 ഉപഗ്രഹവും, അതിസൂക്ഷ്മ ചിത്രങ്ങൾ പകർത്താൻ ശേഷിയുള്ള കാർട്ടോസാറ്റ്-3B ഉപഗ്രഹവും വിക്ഷേപണത്തിന് സജ്ജമായി വരികയാണ്. പ്രതിരോധം, നഗരാസൂത്രണം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ കാർട്ടോസാറ്റ്-3B നൽകുന്ന വിവരങ്ങൾ വലിയ സഹായമാകും.
ഐഎസ്ആർഒയുടെ അഭിമാന പദ്ധതിയായ ഗഗൻയാന്റെ ഭാഗമായി 2026-ലെ മൂന്നാം പാദത്തിൽ ആളില്ലാത്ത ആദ്യ പരീക്ഷണ പറക്കൽ (G1) ലക്ഷ്യമിടുന്നു. ഇതിന്റെ വിജയം വിലയിരുത്തിയ ശേഷം, ‘വ്യോമമിത്ര’ എന്ന റോബോട്ടുമായി ഗഗൻയാൻ G2 ദൗത്യം 2026 അവസാനത്തോടെ നടപ്പിലാക്കും. കൂടാതെ, ചന്ദ്രനിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുന്ന ചന്ദ്രയാൻ-4, ജപ്പാനുമായി ചേർന്ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പഠനം നടത്തുന്ന ലുപെക്സ് (LUPEX), ശുക്രന്റെ അന്തരീക്ഷം പഠിക്കുന്ന വീനസ് ഓർബിറ്റർ മിഷൻ എന്നിവയും ഐഎസ്ആർഒയുടെ സുപ്രധാന സ്വപ്ന പദ്ധതികളാണ്. മിക്ക ദൗത്യങ്ങളുടെയും തീയതികൾ ഔദ്യോഗിക സാങ്കേതിക പരിശോധനകൾക്ക് ശേഷമേ പ്രഖ്യാപിക്കൂ. ഈ പദ്ധതികൾ ശാസ്ത്ര ഗവേഷണത്തിനൊപ്പം ദേശീയ സുരക്ഷ, ദുരന്തനിവാരണം, ആശയവിനിമയം തുടങ്ങിയ മേഖലകളിൽ ഇന്ത്യക്ക് വലിയ കരുത്ത് പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

