ന്യൂയോർക്ക്: ലോകകപ്പ് ഫൈനലിൽ സ്പെയിനെ നേരിടാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, അർജന്റീന നായകൻ ലയണൽ മെസി പങ്കുവെച്ച വികാരഭരിതമായ സന്ദേശം ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയാകുന്നു. സഹതാരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനുമൊപ്പമുള്ള ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച മെസിയുടെ വാക്കുകൾ, ലോകകപ്പിന് ശേഷം താരം അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുമോ എന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും ശക്തിപകർന്നിരിക്കുകയാണ്.
തുടർച്ചയായ രണ്ടാം ലോകകപ്പ് കിരീടം ലക്ഷ്യമിടുന്ന അർജന്റീനയുടെ നായകൻ, ഫൈനലിന് മുൻപ് സഹതാരങ്ങളുടെ സമ്മർദം കുറയ്ക്കാനും ടീമിന്റെ ഐക്യം ഉയർത്തിക്കാട്ടാനും ലക്ഷ്യമിട്ടുള്ള സന്ദേശമാണ് പുറത്തുവിട്ടിരിക്കുന്നത്. “ഈ വർഷങ്ങളിലുടനീളം നമ്മൾ നേടിയ കിരീടങ്ങൾ മാത്രമല്ല ഏറ്റവും മനോഹരമായത്. ഒരുമിച്ച് നടത്തിയ യാത്രയാണ് ഏറ്റവും വിലപ്പെട്ടത്. ഓരോ ദിവസവും ഈ ടീമിനൊപ്പം ജീവിക്കാനും ഒരുമിച്ച് പോരാടാനും കഴിഞ്ഞത് വലിയ ഭാഗ്യമാണ്. ഈ സംഘത്തെ ഒരു കുടുംബമായി നിലനിർത്താൻ അധ്വാനിച്ച സഹതാരങ്ങൾക്കും പരിശീലകർക്കും എല്ലാ സ്റ്റാഫ് അംഗങ്ങൾക്കും നന്ദി. നാളെ എന്ത് സംഭവിച്ചാലും ആർക്കും മായ്ച്ചുകളയാനാവാത്ത ഒരു ചരിത്രം നമ്മൾ ഇതിനകം എഴുതിക്കഴിഞ്ഞു. വാമോസ് അർജന്റീന!” മെസി കുറിച്ചു.
ടീമിനെ ഒരു കുടുംബം എന്നാണ് മെസി വിശേഷിപ്പിച്ചത്. ഫൈനലിലെ ഫലം എന്തായാലും അർജന്റീന ഈ ടൂർണമെന്റിൽ സൃഷ്ടിച്ച ചരിത്രം ആരും മായ്ക്കില്ലെന്ന ആത്മവിശ്വാസമാണ് നായകൻ പ്രകടിപ്പിച്ചത്. മെസിയുടെ കരിയറിലെ അവസാന ലോകകപ്പ് മത്സരമായിരിക്കും സ്പെയിനെതിരായ ഫൈനലെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. എന്നാൽ ഭാവിയെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും നിലവിലെ മത്സരത്തിൽ മാത്രമാണ് ശ്രദ്ധയെന്നും മെസി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിൽ നിർണ്ണായക പ്രകടനം കാഴ്ചവെച്ച മെസി, ടൂർണമെന്റിൽ ഇതുവരെ എട്ട് ഗോളുകളും നാല് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ന്യൂജേഴ്സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ ലോകചാമ്പ്യന്മാരായ അർജന്റീനയും യൂറോ ചാമ്പ്യന്മാരായ സ്പെയിനും നേർക്കുനേർ എത്തുമ്പോൾ, കിരീടപ്പോരിനൊപ്പം മെസിയുടെ ഭാവിയും ഫുട്ബോൾ ലോകത്തിന്റെ പ്രധാന ചർച്ചാവിഷയമായി മാറിക്കഴിഞ്ഞു.

