കൊച്ചി: മോഹൻലാൽ, വിസ്മയ മോഹൻലാൽ എന്നിവരുടെ സാന്നിധ്യവും വ്യത്യസ്തമായ ദൃശ്യഭാഷയും കൊണ്ട് ശ്രദ്ധനേടിയ ‘തുടക്കം’ എന്ന ചിത്രം പുതിയ പോസ്റ്ററിലൂടെ സിനിമാ പ്രേക്ഷകർക്കിടയിൽ വീണ്ടും ചർച്ചയാകുന്നു. ഓഗസ്റ്റ് 7-ന് ചിത്രം തിയറ്ററുകളിൽ എത്തുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ടാണ് അണിയറപ്രവർത്തകർ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.
അരണ്ട വെളിച്ചത്തിൽ ഒറ്റപ്പെട്ടൊരു വീടും അതിലേക്കു നീളുന്ന വഴിയും, അതിലൂടെ കൗതുകത്തോടെ നോക്കുന്ന ഒരു വെളുത്ത നായയും ചേർന്നുള്ള പോസ്റ്റർ കാഴ്ചക്കാരിൽ ദുരൂഹതയും ആകാംക്ഷയും ഒരുപോലെ നിറയ്ക്കുന്നുണ്ട്. വീൽചെയറിൽ ഇരിക്കുന്ന സായ് കുമാർ, ബോബി കുര്യൻ, മനോജ് കെ. ജയൻ, ഗണേഷ് കുമാർ എന്നിവർക്കൊപ്പം പുതുമുഖം ആശിഷ് ജോ ആന്റണി, വിസ്മയ മോഹൻലാൽ, മോഹൻലാൽ എന്നിവരെയും പോസ്റ്ററിൽ കാണാം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ആദ്യ സമ്പൂർണ പോസ്റ്ററാണിത്. വിസ്മയ മോഹൻലാലിന്റെ അഭിനയ അരങ്ങേറ്റം എന്ന നിലയിൽ നേരത്തെ തന്നെ ശ്രദ്ധ നേടിയ ചിത്രം, മോഹൻലാൽ കൂടി പ്രധാന സാന്നിധ്യമായി എത്തിയതോടെ ആരാധകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.
പോസ്റ്റർ നൽകുന്ന സൂചനകൾ പ്രകാരം ഒരു സാധാരണ കുടുംബജീവിതത്തിന്റെ പശ്ചാത്തലത്തിൽ ആരംഭിച്ച് പിന്നീട് സംഘർഷഭരിതമായ അവസ്ഥയിലേക്ക് നീങ്ങുന്ന കഥാതന്തുവാണ് സിനിമയുടേതെന്ന് വ്യക്തമാകുന്നു. മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം വണ്ടിപ്പെരിയാർ, കുട്ടിക്കാനം, തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായാണ് പൂർത്തിയായത്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തിന് ജാക്സ് ബിജോയ് സംഗീതം നൽകുന്നു. അഖിൽ ജോർജ്, ജോമോൻ ടി. ജോൺ എന്നിവർ ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിംഗും നിർവഹിക്കുന്നു. ദൃശ്യഭംഗിയും താരസാന്നിധ്യവും ഒത്തുചേരുന്ന ‘തുടക്കം’ മലയാള സിനിമാപ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നായി മാറിക്കഴിഞ്ഞു.

