ടെല്‍ അവീവ്: പശ്ചിമേഷ്യന്‍ പ്രതിസന്ധിക്ക് പരിഹാരം ലക്ഷ്യമിട്ട് അമേരിക്കയും ഇറാനും തമ്മില്‍ വെര്‍ച്വലായി ഒപ്പുവെച്ച ചരിത്രപരമായ കരാറിനെ തള്ളി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യുഎസും ഇറാനും തമ്മില്‍ ധാരണയിലെത്തിയെങ്കിലും മേഖലയിലെ പോരാട്ടങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന് നെതന്യാഹു വ്യക്തമാക്കി. നിലവിലെ കരാര്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യക്തിപരമായ തീരുമാനമാണെന്നും, ഇസ്രയേലിന് സ്വന്തമായി സുരക്ഷാ താല്‍പ്പര്യങ്ങളുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. യുഎസിനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും, ഇറാന് വേണ്ടി സ്പീക്കര്‍ മുഹമ്മദ് ബഗര്‍ ഖാലിബാഫും ധാരണാപത്രത്തില്‍ ഒപ്പുവെച്ച് മണിക്കൂറുകള്‍ക്കകമാണ് നെതന്യാഹു നിലപാട് വ്യക്തമാക്കിയത്.
താനും ട്രംപും എല്ലാ വിഷയങ്ങളിലും ഒരേ നിലപാടല്ല പുലര്‍ത്തുന്നതെന്ന് മാധ്യമങ്ങളെ കണ്ട നെതന്യാഹു തുറന്നു പറഞ്ഞു. മികച്ച കുടുംബങ്ങളില്‍ പോലും അഭിപ്രായവ്യത്യാസങ്ങള്‍ സ്വാഭാവികമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് ട്രംപ് അമേരിക്കയുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുമ്പോള്‍, ഇസ്രയേലിന്റെ പ്രധാനമന്ത്രി എന്ന നിലയില്‍ രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ കരാര്‍ ഉണ്ടായാലും ഇല്ലെങ്കിലും ഇസ്രയേലിന്റെ സുരക്ഷാ മുന്‍ഗണനകളില്‍ മാറ്റമുണ്ടാകില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. താന്‍ അധികാരത്തിലിരിക്കുന്നിടത്തോളം കാലം ഇറാന് ആണവായുധം നിര്‍മ്മിക്കാന്‍ സാധിക്കില്ലെന്നും, ഗാസ, തെക്കന്‍ ലെബനന്‍, സിറിയ എന്നിവിടങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ നിലവില്‍ പദ്ധതിയൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇറാന്‍ ദേശീയ സുരക്ഷാ സമിതിയിലെ ഭൂരിഭാഗം അംഗങ്ങളും ഈ കരാറിനെ പിന്തുണച്ചിട്ടുണ്ട്. ലെബനനിലെ വെടിനിര്‍ത്തല്‍ കൂടി ഉള്‍പ്പെടുന്നതാണ് ഈ ധാരണയെന്നാണ് ഇറാന്റെ വിശദീകരണം. ഇറാനുള്ള ഉപരോധങ്ങളിലെ ഇളവുകള്‍ അവരുടെ വരുംദിനങ്ങളിലെ പെരുമാറ്റത്തെ ആശ്രയിച്ചിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ജി7 ഉച്ചകോടിക്ക് മുന്നോടിയായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച ഔദ്യോഗിക ഒപ്പിടീല്‍ ചടങ്ങിന് ശേഷം കരാറിന്റെ പൂര്‍ണ്ണരൂപം പരസ്യപ്പെടുത്തുമെന്നും ഹോര്‍മുസ് കടലിടുക്ക് കപ്പല്‍ ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്നും അദ്ദേഹം അറിയിച്ചു. യുഎസ് ഉപരോധം നീക്കിയതോടെ ഇറാനില്‍ നിന്നുള്ള എണ്ണക്കപ്പലുകളുടെ യാത്ര പുനരാരംഭിച്ചിട്ടുണ്ട്. 107 ദിവസമായി തുടരുന്ന പശ്ചിമേഷ്യന്‍ യുദ്ധത്തിന് കരാറിലൂടെ താല്കാലിക ശമനമുണ്ടാകുമെന്നാണ് അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതീക്ഷ.

