തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രത്യേക ജാഗ്രതാ നിർദേശം നൽകി. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഓഗസ്റ്റ് നാല് മുതൽ ഓഗസ്റ്റ് ആറ് വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തീരമേഖലകളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലാണ് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയത്. കാലാവസ്ഥാ സാഹചര്യങ്ങൾ വിലയിരുത്തി ഓരോ ദിവസവും പ്രത്യേക മുന്നറിയിപ്പുകളും പുറപ്പെടുവിക്കുന്നുണ്ട്. ഓഗസ്റ്റ് നാല് മുതൽ ആറ് വരെയുള്ള തീയതികളിൽ സോമാലിയ, ഒമാൻ തീരങ്ങൾ, മധ്യ പടിഞ്ഞാറൻ, തെക്ക് പടിഞ്ഞാറൻ, വടക്ക് പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 65 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.
അതുപോലെ, ഓഗസ്റ്റ് അഞ്ച്, ആറ് തീയതികളിൽ കന്യാകുമാരി പ്രദേശം, തെക്കൻ ശ്രീലങ്കൻ തീരം, ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലും ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. മോശം കാലാവസ്ഥാ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് പൂർണമായും ഒഴിവാക്കണമെന്നും അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

