തിരുവനന്തപുരം: സംസ്ഥാനത്ത് എം പോക്സ് (മങ്കിപോക്സ്) സ്ഥിരീകരിച്ചു. സൗദി അറേബ്യയിൽ നിന്ന് അടുത്തിടെ നാട്ടിലെത്തിയ തിരുവനന്തപുരം കിളിമാനൂർ പുളിമാത്ത് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
രോഗം സ്ഥിരീകരിച്ച വ്യക്തി നിലവിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യനിലയും മറ്റ് വിവരങ്ങളും സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ല. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇദ്ദേഹത്തെ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു.
സംസ്ഥാനത്ത് എം പോക്സ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. വിദേശത്തുനിന്നെത്തുന്നവർക്ക് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണെന്നും രോഗം പകരാനുള്ള സാധ്യതകൾ മുൻനിർത്തി മുൻകരുതലുകൾ സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

