കാരക്കാസ്: വെനിസ്വേലയിൽ ബുധനാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ ഭൂചലനങ്ങളിൽ 164 പേർ മരിക്കുകയും 971 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആക്ടിംഗ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അറിയിച്ചു. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ രാജ്യത്തുണ്ടായ ഏറ്റവും തീവ്രമായ ഭൂകമ്പങ്ങളിലൊന്നാണിതെന്ന് വിലയിരുത്തപ്പെടുന്നു. തലസ്ഥാനമായ കാരക്കാസ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഭൂചലനം ശക്തമായി അനുഭവപ്പെട്ടു. കാരക്കാസിൽ നിന്ന് 30 കിലോമീറ്റർ വടക്കുള്ള പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചിരിക്കുന്നത്. ഇതേത്തുടർന്ന് ലാ ഗ്വൈറയെ സർക്കാർ ഔദ്യോഗികമായി ദുരന്തമേഖലയായി പ്രഖ്യാപിച്ചു.
ആദ്യ ഭൂചലനത്തിന് പിന്നാലെ ഉണ്ടായ രണ്ടാമത്തെ ശക്തമായ ചലനമാണ് വ്യാപകമായ കെട്ടിട തകർച്ചയ്ക്കും നാശനഷ്ടങ്ങൾക്കും കാരണമായത്. ഈ ആഘാതത്തിൽ പല കെട്ടിടങ്ങളും പൂർണ്ണമായും നിലംപൊത്തി. വൈദ്യുതി, മൊബൈൽ നെറ്റ്‌വർക്ക്, ഗ്യാസ് സേവനങ്ങൾ പലയിടത്തും തടസ്സപ്പെട്ടു. രാജ്യത്തെ പ്രധാന വിമാനത്താവളമായ സൈമൺ ബൊളിവർ അന്താരാഷ്‌ട്ര വിമാനത്താവളം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സബ്‌വേ സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകുകയും ചെയ്തു. ആശുപത്രികളിൽ തിരക്ക് വർധിച്ച സാഹചര്യത്തിൽ അടിയന്തര സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി തുടരുകയാണെന്നും അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൂന്ന് കുട്ടികളെ ജീവനോടെ പുറത്തെടുക്കാനായത് വലിയ ആശ്വാസമാണെന്നും രക്ഷാസേന അറിയിച്ചു. നിലവിൽ നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തനത്തിനായി ഭാരമേറിയ യന്ത്രസാമഗ്രികൾ എത്തിക്കാൻ സ്വകാര്യ മേഖലയോട് സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്. പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി 200 മില്യൺ ഡോളറിന്റെ അടിയന്തര ഫണ്ട് സർക്കാർ അനുവദിച്ചു. അയൽരാജ്യങ്ങളായ ബ്രസീൽ, കൊളംബിയ, ഇക്വഡോർ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതോടെ തീരദേശ മേഖലകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിൽ തുടർചലനങ്ങളെ കരുതി ജാഗ്രത പാലിക്കണമെന്ന് അധികൃതർ ജനങ്ങൾക്ക് നിർദ്ദേശം നൽകി.

