ഇടുക്കി: തമിഴ്നാട്ടിലെ ജലസേചന ആവശ്യങ്ങൾക്കായി മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും. തേനി ജില്ലയിലെ കമ്പം താഴ്‌വരയിലെ ഒന്നാം ഘട്ട നെൽക്കൃഷിക്ക് ആവശ്യമായ വെള്ളമാണ് അണക്കെട്ടിൽ നിന്ന് തമിഴ്നാട്ടിലേക്ക് തുറന്നുവിടുന്നത്. 14,707 ഏക്കർ കൃഷിയിടങ്ങൾക്കായി സെക്കൻഡിൽ 200 ഘനയടി വീതം 120 ദിവസത്തേക്കാണ് വെള്ളം ലഭ്യമാക്കുക.
സാധാരണയായി ജൂൺ ഒന്നിനാണ് കാർഷിക ആവശ്യങ്ങൾക്കായി തമിഴ്നാട് മുല്ലപ്പെരിയാറിൽ നിന്ന് വെള്ളം തുറന്നുവിടാറുള്ളത്. എന്നാൽ ഇത്തവണ മഴയുടെ കുറവ് മൂലം നടപടികൾ വൈകുകയായിരുന്നു. കാർഷികാവശ്യത്തിന് പുറമെ മധുര കോർപ്പറേഷൻ പ്രദേശത്തെ കുടിവെള്ള ആവശ്യത്തിനായി സെക്കൻഡിൽ 150 ഘനയടി വെള്ളം കൂടി അധികമായി തുറന്നുവിടാൻ തമിഴ്നാട് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.
ഇതിനിടെ, മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട നിർണായകമായൊരു നീക്കവും ശ്രദ്ധേയമാകുകയാണ്. അണക്കെട്ടിന്റെ സമഗ്ര സുരക്ഷാപരിശോധനയ്‌ക്കായുള്ള വിദഗ്ധ സമിതിയിൽ കേരളത്തിന്റെ പ്രതിനിധിയായിരുന്ന ടി കെ ശിവരാജനെ തമിഴ്നാട് സർക്കാർ തങ്ങളുടെ വിദഗ്ധ സമിതിയിൽ അംഗമായി നിയമിച്ചു. കേന്ദ്ര ജലകമ്മീഷൻ മുൻ ചീഫ് എൻജിനീയറായിരുന്ന ശിവരാജന് മുല്ലപ്പെരിയാർ വിഷയത്തിൽ നേരത്തെ നിർണായക ചുമതലകളുണ്ടായിരുന്നു. അണക്കെട്ടുമായി ബന്ധപ്പെട്ട കേരളത്തിന്റെ നിലപാടുകളും സുരക്ഷാ വാദങ്ങളും കൃത്യമായി അറിയുന്ന അദ്ദേഹം തമിഴ്നാട് സർക്കാരിന്റെ സമിതിയിലെത്തുന്നത് വിഷയത്തിൽ കേരളത്തിന് തിരിച്ചടിയാകുമോ എന്ന ആശങ്ക ഉയർത്തുന്നുണ്ട്. വെള്ളം തുറന്നുവിടുന്ന നടപടിക്കൊപ്പം ഈ പുതിയ നിയമനവും കേരള-തമിഴ്നാട് ബന്ധത്തിൽ നിർണായക ചർച്ചയായി മാറുകയാണ്

