തിരുവനന്തപുരം: റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും നിയമനത്തിനായി കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ 38 ദിവസമായി നടത്തിവരുന്ന സമരം അടിയന്തരമായി ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ രാജീവ് ചന്ദ്രശേഖര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്കി. കഴിഞ്ഞ പത്ത് ദിവസമായി നിരാഹാര സമരത്തിലായ ഉദ്യോഗാര്‍ത്ഥികളുടെ അവസ്ഥ അതീവ ഗൗരവമുള്ളതാണെന്നും കഠിനാധ്വാനം ചെയ്ത് പി.എസ്.സി പരീക്ഷ വിജയിച്ച് റാങ്ക് ലിസ്റ്റില്‍ ഇടം നേടിയ യുവാക്കള്‍ അവകാശങ്ങള്‍ക്കായി തെരുവില്‍ സമരം ചെയ്യേണ്ടിവരുന്നത് കേരളത്തിന് അപമാനകരമാണെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.
ഉദ്യോഗാര്‍ത്ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ കേള്‍ക്കുകയും അവരുമായി ചര്‍ച്ച നടത്തുകയും ചെയ്യേണ്ടത് ജനാധിപത്യ സര്‍ക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്വമാണെന്ന് രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. സമരത്തോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന അവഗണനാപരമായ സമീപനം പ്രതിഷേധാര്‍ഹമാണ്. പി.എസ്.സി പോലുള്ള ഭരണഘടനാ സ്ഥാപനത്തിന്റെ വിശ്വാസ്യതയും സുതാര്യതയും സംബന്ധിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്കിടയില്‍ വലിയ ആശങ്ക ഉയര്‍ന്നിട്ടുണ്ട്. സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്കെതിരായ പൊലീസ് നടപടികള്‍ അവസാനിപ്പിക്കണമെന്നും സമരക്കാരെ അടിച്ചമര്‍ത്തുന്നതിന് പകരം അവരുടെ പ്രശ്നങ്ങള്‍ കേട്ട് പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി വിഷയത്തില്‍ നേരിട്ട് ഇടപെട്ട് സമരം ചെയ്യുന്ന പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ പ്രതിനിധികളെ അടിയന്തരമായി ചര്‍ച്ചയ്ക്ക് വിളിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. ഉദ്യോഗാര്‍ത്ഥികളുടെ ഭാവി സുരക്ഷിതമാക്കാനും പി.എസ്.സി നിയമന നടപടികളിലുള്ള വിശ്വാസം പുനഃസ്ഥാപിക്കാനും സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണം. യുവാക്കളുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കാതെ സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ വലിയ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് കേരളം സാക്ഷ്യം വഹിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.

