ദോഹ: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ശക്തമാകുന്നതിനിടെ ഖത്തർ തീരത്തുണ്ടായ മിസൈലാക്രമണത്തിൽ നാവികൻ കൊല്ലപ്പെട്ടു. ഖത്തർ തീരത്ത് നങ്കൂരമിട്ടിരുന്ന കപ്പലിന് നേരെ നടന്ന ആക്രമണത്തിലാണ് മരണം സംഭവിച്ചത്. സംഭവത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതായും ഖത്തർ ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആക്രമണ സമയത്ത് കപ്പലിൽ രണ്ട് പേർ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് ലഭ്യമായ വിവരം.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും, ഖത്തർ തീരത്ത് വിന്യസിച്ചിരുന്ന സൈനിക വ്യൂഹത്തിന് നേരെ നടന്ന ആക്രമണം പ്രതിരോധിച്ചതായി അധികൃതർ വ്യക്തമാക്കി. മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കുവൈത്തിലും ബഹ്റൈനിലും സമാനമായ രീതിയിൽ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഖത്തറിലും സംഘർഷം വ്യാപിച്ചിരിക്കുന്നത്.
ഇതിനിടെ പശ്ചിമേഷ്യയിലെ എട്ട് യുഎസ് സൈനിക താവളങ്ങൾ തകർത്തതായി ഇറാൻ അവകാശപ്പെട്ടു. തെക്കൻ ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ് നടത്തിയ ആക്രമണത്തിന് മറുപടിയായാണ് തങ്ങൾ തിരിച്ചടിച്ചതെന്ന് ഇറാൻ പ്രസ്താവിച്ചു. സംഘർഷം തുടർന്നാൽ സൈനിക നടപടികൾ ശക്തമാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് മേഖലയിലെ പുതിയ സംഘർഷത്തിന് വഴിവെച്ചിരിക്കുന്നത്. അന്താരാഷ്ട്ര സമൂഹം ഏറെ ആശങ്കയോടെയാണ് പശ്ചിമേഷ്യയിലെ ഈ പുതിയ യുദ്ധസാഹചര്യത്തെ നിരീക്ഷിക്കുന്നത്.

