തിരുവനന്തപുരം: പത്തനംതിട്ടയിൽ ബംഗ്ലാദേശ് സ്വദേശിയായ ഭീകരൻ ഒളിവിൽ കഴിഞ്ഞ സംഭവം അതീവ ഗൗരവത്തോടെ കണ്ട് ഭീകര വിരുദ്ധ സേന (ATS) അന്വേഷണം ആരംഭിച്ചു. ജൂവൽ കിംഗ് എന്ന പേരിൽ കഴിഞ്ഞിരുന്ന ബംഗ്ലാദേശ് സ്വദേശി കോയിപ്രം പഞ്ചായത്തിലെ പൂവത്തൂർകുന്നം, നെല്ലിക്കൽ മേഖലകളിൽ കഴിഞ്ഞ അഞ്ച് വർഷത്തോളമായി താമസിച്ച് വരികയായിരുന്നു. ഇതരസംസ്ഥാന തൊഴിലാളിയെന്ന വ്യാജേനയാണ് ഇയാൾ പ്രദേശത്ത് കഴിഞ്ഞിരുന്നത്. നിലവിൽ ഇയാൾ പത്തനംതിട്ടയിൽ നിന്നും കടന്നുകളഞ്ഞതായാണ് വിവരം.
നിർമ്മാണ മേഖലയിലാണ് ജൂവൽ കിംഗ് ജോലി ചെയ്തിരുന്നത്. കൊൽക്കത്ത സ്വദേശിയാണെന്നാണ് ഇയാൾ നാട്ടുകാരോട് പറഞ്ഞിരുന്നത്. ജോലിസ്ഥലത്ത് ഒതുങ്ങി കൂടിയിരുന്ന ഇയാൾ അധികം ആരോടും സംസാരിക്കാറുണ്ടായിരുന്നില്ല. ഫോണിൽ ഖുറാൻ വചനങ്ങൾ കേട്ടുകൊണ്ട് ജോലി ചെയ്തിരുന്നതായി ഇയാളെ അടുത്ത് അറിയാവുന്നവർ പറയുന്നു. അടുത്തിടെ ഇയാളെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ കരാറുകാരൻ വാട്‌സ്ആപ്പിൽ പരിശോധിച്ചപ്പോഴാണ് സംശയാസ്പദമായ വിവരങ്ങൾ പുറത്തുവന്നത്. ബംഗ്ലാദേശ് പതാകയ്‌ക്കൊപ്പം അവിടുത്തെ പാർലമെന്റും ദേശീയ പ്രതീകങ്ങളും ഉൾപ്പെട്ട പ്രൊഫൈൽ ശ്രദ്ധയിൽപ്പെട്ടതോടെ കരാറുകാരൻ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
വാട്‌സ്ആപ്പ് സ്റ്റാറ്റസിൽ ഭാരത വിരുദ്ധ ചിത്രങ്ങൾ ഇയാൾ സ്ഥിരമായി പോസ്റ്റ് ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഭാരതത്തിന്റെ ഭൂപടത്തിന് നേരെ എ.കെ. 47 തോക്ക് ചൂണ്ടി നിൽക്കുന്ന ദൃശ്യമാണ് ഇയാളുടെ നിലവിലെ സ്റ്റാറ്റസിൽ ഉള്ളത്. തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഇയാൾ ബംഗ്ലാദേശ് പൗരനാണെന്ന് സ്ഥിരീകരിച്ചത്. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയതായി അധികൃതർ വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ സുരക്ഷാ ഏജൻസികളിലും ജനങ്ങളിലും വലിയ ആശങ്കയാണ് ഉയർത്തിയിരിക്കുന്നത്.

