ചണ്ഡീഗഢ്: ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ 51 കിലോ ബോക്സിങ് വിഭാഗത്തിൽ സ്വർണം നേടി ഇന്ത്യയ്ക്ക് അഭിമാന നേട്ടം സമ്മാനിച്ച സാക്ഷി ചൗധരി, തന്റെ കരിയറിന്റെ വിജയത്തിന് പിന്നിൽ വിരാട് കോഹ്ലി വഹിച്ച നിർണായക പങ്ക് വെളിപ്പെടുത്തി. സാമ്പത്തിക പിന്തുണ മാത്രമല്ല, മാനസികമായി കരുത്ത് പകരുന്ന ഉപദേശങ്ങളും കോഹ്ലിയിൽ നിന്ന് ലഭിച്ചിരുന്നുവെന്ന് താരം വ്യക്തമാക്കി.
ഹരിയാന സ്വദേശിനിയായ സാക്ഷിക്ക് വിരാട് കോഹ്ലി ഫൗണ്ടേഷനിലൂടെയാണ് സഹായം ലഭിച്ചിരുന്നത്. വിരാട് കോഹ്ലിയുടെ പിന്തുണ ഇല്ലായിരുന്നെങ്കിൽ ഈ നേട്ടത്തിലേക്കുള്ള യാത്ര കൂടുതൽ പ്രയാസകരമായേനെയെന്ന് താരം പറഞ്ഞു. വിജയേന്ദർ സിംഗിനെ കണ്ടാണ് താൻ ബോക്സിംഗിലേക്ക് കടന്നുവന്നതെന്നും, എന്നാൽ കരിയറിലെ നിർണായക ഘട്ടങ്ങളിൽ വിരാട് കോഹ്ലി നൽകിയ പിന്തുണ വളരെ വലുതാണെന്നും സാക്ഷി കൂട്ടിച്ചേർത്തു. സാമ്പത്തിക സഹായത്തിനപ്പുറം, അനാവശ്യ സമ്മർദങ്ങൾ ഒഴിവാക്കി റിങ്ങിലെ പ്രകടനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹം നൽകിയ നിർദേശങ്ങൾ വലിയ പ്രചോദനമായിരുന്നു.
2022 കോമൺവെൽത്ത് ഗെയിംസും 2023 ഏഷ്യൻ ഗെയിംസും പരിക്ക് കാരണം നഷ്ടമായതോടെ സാക്ഷിയുടെ കരിയർ വലിയ പ്രതിസന്ധിയിലായിരുന്നു. തുടർന്ന് 54 കിലോ വിഭാഗത്തിൽ നിന്ന് 51 കിലോ വിഭാഗത്തിലേക്ക് മാറാനുള്ള ധീരമായ തീരുമാനമാണ് കരിയറിലെ ഈ വലിയ നേട്ടത്തിലേക്ക് വഴിതുറന്നത്. ഗ്ലാസ്‌ഗോയിൽ നടന്ന ഫൈനലിൽ ഇംഗ്ലണ്ടിന്റെ റൂബി വൈറ്റിനെ ഏകപക്ഷീയമായ 5-0 എന്ന സ്‌കോറിന് കീഴടക്കിയാണ് സാക്ഷി സ്വർണം സ്വന്തമാക്കിയത്. ഇത്തവണത്തെ കോമൺവെൽത്ത് ഗെയിംസിൽ ഫൈനലിലെത്തിയ 10 ഇന്ത്യൻ താരങ്ങളും മെഡൽ ഉറപ്പിച്ചപ്പോൾ, ഇന്ത്യയുടെ സമ്പാദ്യം 7 സ്വർണ്ണവും 3 വെള്ളിയുമായിരുന്നു. ഇതിൽ ഏറ്റവും ശ്രദ്ധേയമായ നേട്ടങ്ങളിലൊന്നാണ് സാക്ഷി ചൗധരി സ്വന്തമാക്കിയത്.

