കൊല്ലം: കടലില്‍ കാണാതായ ഗൗതം കൃഷ്ണയ്‌ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി നാവികസേനയുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകുന്ന ഹെലിപാഡ് മാതാ അമൃതാനന്ദമയി മഠം സജ്ജമാക്കി. കൊല്ലം അമൃതപുരി എന്‍ജിനീയറിങ് കോളേജ് ഗ്രൗണ്ടിലാണ് അടിയന്തരമായി ഹെലിപാഡ് നിര്‍മ്മിച്ച് നാവികസേനയ്ക്ക് കൈമാറിയത്. കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപിയുടെയും ജില്ലാ കളക്ടറുടെയും പ്രത്യേക അഭ്യര്‍ഥനയെ തുടര്‍ന്ന് മാതാ അമൃതാനന്ദമയിയുടെ നിര്‍ദേശപ്രകാരമാണ് യുദ്ധകാലാടിസ്ഥാനത്തില്‍ ഈ പ്രവര്‍ത്തനങ്ങള്‍ നടന്നത്.
ശനിയാഴ്ച രാത്രി നിര്‍ദേശം ലഭിച്ചതിന് പിന്നാലെ അമൃതാനന്ദമയി മഠത്തിലെയും അമൃത സര്‍വകലാശാലയിലെയും ജീവനക്കാരും സന്നദ്ധപ്രവര്‍ത്തകരും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് ഏറ്റെടുത്തു. രാത്രി മുഴുവന്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചാണ് ഹെലിപാഡ് സജ്ജമാക്കിയത്. നിര്‍മ്മാണത്തിന് ആവശ്യമായ സാമഗ്രികള്‍ പ്രാദേശിക കരാറുകാരില്‍ നിന്ന് അടിയന്തരമായി ശേഖരിച്ചു. ഇന്റര്‍ലോക്കുകള്‍ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ എത്തിക്കുന്നതിനായി ആശ്രമത്തിലെ വാഹനങ്ങളും രാത്രി മുഴുവന്‍ സര്‍വീസ് നടത്തിയിരുന്നു.
നിരന്തരമായ പരിശ്രമത്തിനൊടുവില്‍ ഞായറാഴ്ച രാവിലെ പത്ത് മണിയോടെ ഹെലിപാഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി നാവികസേനയ്ക്ക് കൈമാറി. കൊല്ലം നീണ്ടകരയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞതിനെ തുടര്‍ന്ന് കാണാതായ ഗൗതം കൃഷ്ണയ്‌ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക് കടക്കുകയാണ്. നാവികസേനയും കോസ്റ്റ് ഗാര്‍ഡും അടക്കമുള്ള സേനാവിഭാഗങ്ങള്‍ തിരച്ചില്‍ തുടരുന്ന സാഹചര്യത്തില്‍, ഈ പുതിയ ഹെലിപാഡ് സൗകര്യം രക്ഷാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി ഏകോപിപ്പിക്കാന്‍ സഹായകമാകുമെന്ന് വിലയിരുത്തപ്പെടുന്നു.

