തിരുവനന്തപുരം: ഹൈഡ്രോസെഫാലസ് രോഗികളുടെ ചികിത്സയിൽ നിർണായകമായ മെഡിക്കൽ ഉപകരണമായ ‘സെറിഡ്രെയിൻ ഹൈഡ്രോസെഫാലസ് ഷണ്ട്’ വീണ്ടും വിപണിയിൽ ലഭ്യമായി. ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത ഈ ഉപകരണം, എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡ് വഴിയാണ് നിർമ്മിച്ച് വിപണനം ചെയ്യുന്നത്. സെൻട്രൽ ഡ്രഗ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (CDSCO) ഔദ്യോഗിക അനുമതിയോടെയാണ് ഉപകരണം വീണ്ടും വിപണിയിൽ എത്തിയിരിക്കുന്നത്.
തലച്ചോറിൽ ഉത്പാദിപ്പിക്കപ്പെടുന്ന സെറിബ്രോസ്പൈനൽ ഫ്ലൂയിഡിന്റെ ഒഴുക്ക് തടസ്സപ്പെടുകയോ ആഗിരണം കുറയുകയോ ചെയ്യുമ്പോൾ തലച്ചോറിൽ ദ്രാവകം അമിതമായി അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഹൈഡ്രോസെഫാലസ്. ഈ അവസ്ഥയിൽ തലച്ചോറിലെ അധിക ദ്രാവകത്തെ ഉദരാശയത്തിലേക്ക് ഒഴുക്കി വിടാനും അവിടെ നിന്നും ശരീരത്തിന് തന്നെ അത് പുനരാഗിരണം ചെയ്യാനും സഹായിക്കുന്ന ജൈവ അനുയോജ്യമായ സംവിധാനമാണ് സെറിഡ്രെയിൻ ഷണ്ട്. 1990-കളുടെ തുടക്കത്തിൽ വിലകൂടിയ വിദേശ ഷണ്ടുകൾക്ക് പകരമായി, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബയോമെഡിക്കൽ ടെക്നോളജി വിഭാഗമാണ് തദ്ദേശീയവും ചെലവുകുറഞ്ഞതുമായ ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത്.
2023 മുതൽ എച്ച്എൽഎൽ ലൈഫ്കെയറും ശ്രീചിത്രയും ചേർന്ന് ഈ ഉപകരണത്തിന്റെ പുനരാരംഭത്തിനായുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരുന്നു. നിർമ്മാണ പ്രക്രിയ പുനസ്ഥാപിക്കുന്നതിനൊപ്പം അസംസ്കൃത വസ്തുക്കളുടെ വിതരണ ശൃംഖല ശക്തിപ്പെടുത്തുകയും, കർശനമായ ഗുണനിലവാര പരിശോധനകൾ ഉറപ്പാക്കുകയും ചെയ്തു. ഈ സംയുക്ത ശ്രമങ്ങളുടെ ഫലമായി ഉൽപ്പന്നത്തിന്റെ ഗുണനിലവാരവും നിർമ്മാണ സ്ഥിരതയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ സാധിച്ചു. രാജ്യത്തുടനീളമുള്ള സാധാരണക്കാരായ രോഗികൾക്ക് ഉയർന്ന നിലവാരത്തിലുള്ള തദ്ദേശീയ ആരോഗ്യസാങ്കേതികവിദ്യ ലഭ്യമാക്കുന്നതിൽ ഈ ചുവടുവെപ്പ് വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.

