കോഴിക്കോട്: പഠനത്തിനൊപ്പം കൃഷിയിലും സജീവമാകുന്ന വിദ്യാർഥികൾക്ക് ഇനി പ്രത്യേക അംഗീകാരവും വെയ്റ്റേജ് മാർക്കും നൽകുമെന്ന് കാർഷിക വികസന-കർഷകക്ഷേമ മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. യുവതലമുറയെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്‌കരിക്കുന്ന ‘കതിര്’ പദ്ധതി സംസ്ഥാനത്തെ 500 സ്‌കൂളുകളിൽ ഉടൻ നടപ്പിലാക്കും. കാർഷിക അടിസ്ഥാനസൗകര്യ വികസനനിധി (AIF) സംസ്ഥാന കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘കതിര്’ പദ്ധതി കൂടുതൽ ചിട്ടയായി നടപ്പിലാക്കുന്നതിനായി ഓരോ സ്‌കൂളിലും നോഡൽ അധ്യാപകരെയും ബാക്ക് അപ്പ് ടീമിനെയും ചുമതലപ്പെടുത്തും. പദ്ധതി പ്രവർത്തനങ്ങൾക്കായി 10,000 രൂപ വീതം സീഡിംഗ് മണിയായി ലഭ്യമാക്കും. വിദ്യാർഥികൾക്ക് കൃഷിയുമായി നേരിട്ടുള്ള പ്രായോഗിക അനുഭവം നൽകുന്നതിലൂടെ കാർഷിക മേഖലയോടുള്ള താൽപര്യം വളർത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി കൃഷിയിൽ സജീവമായി ഇടപെടുന്ന വിദ്യാർഥികളുടെ പ്രവർത്തനങ്ങൾക്ക് അക്കാദമിക് തലത്തിൽ വെയ്റ്റേജ് മാർക്ക് നൽകും. ഐക്യരാഷ്ട്രസഭ ഈ വർഷത്തെ വനിതാ കർഷക വർഷമായി പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ വനിതകൾക്കായി ‘വനിതാ സഖി’ എന്ന പേരിൽ പ്രത്യേക പദ്ധതിയും സർക്കാർ ആവിഷ്‌കരിച്ചിട്ടുണ്ട്.
2020-ൽ ആരംഭിച്ച കാർഷിക അടിസ്ഥാനസൗകര്യ വികസനനിധി (AIF) ഇപ്പോൾ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇതുവരെ അനുവദിച്ച 2,520 കോടി രൂപയിൽ 1,734 കോടി രൂപ സംസ്ഥാനം ഇതിനകം വിനിയോഗിച്ചു കഴിഞ്ഞു. ആധുനിക കൃഷിരീതികളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഡ്രോൺ സാങ്കേതികവിദ്യ, ഇന്റർനെറ്റ് ഓഫ് തിങ്സ് (IoT) എന്നിവ കാർഷിക മേഖലയിൽ വ്യാപിപ്പിക്കാൻ സർക്കാർ ലക്ഷ്യമിടുന്നു. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന വെല്ലുവിളികളെ നേരിടാൻ സഹകരണ വകുപ്പുമായി ചേർന്ന് കർഷകർക്ക് ആവശ്യമായ സാമ്പത്തികവും സാങ്കേതികവുമായ പിന്തുണ തുടർന്നും നൽകുമെന്ന് മന്ത്രി വ്യക്തമാക്കി.

