കരാക്കാസ്: വെനസ്വേലയെ പിടിച്ചുലച്ച ഇരട്ട ഭൂകമ്പത്തിൽ മരണം 589 ആയി ഉയർന്നു. 7.2, 7.5 തീവ്രതയിൽ ഉണ്ടായ തുടർച്ചയായ ഭൂചലനങ്ങളിൽ നിരവധി കെട്ടിടങ്ങൾ തകർന്നു വീഴുകയും അവശിഷ്ടങ്ങൾക്കിടയിൽ നിരവധിപ്പേർ കുടുങ്ങിക്കിടക്കുകയും ചെയ്യുന്നതായാണ് വിവരം. ഔദ്യോഗിക കണക്കുകൾ പ്രകാരം 2,980 പേർക്ക് പരിക്കേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, ചില അന്താരാഷ്ട്ര മാധ്യമങ്ങൾ പരിക്കേറ്റവരുടെ എണ്ണം 4,300 കടന്നതായി റിപ്പോർട്ട് ചെയ്യുന്നു. 50,000-ത്തിലധികം പേരെ കാണാതായതായും റിപ്പോർട്ടുകളുണ്ടെങ്കിലും ഇതിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായുള്ള രക്ഷാപ്രവർത്തനം അതിവേഗം പുരോഗമിക്കുകയാണെന്ന് ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അറിയിച്ചു. കഴിഞ്ഞ നൂറ് വർഷത്തിനിടയിൽ വെനസ്വേലയിൽ രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിലൊന്നാണിത്. 1900-ൽ ഉണ്ടായ 7.7 തീവ്രതയുള്ള ഭൂചലനത്തിന് ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രകൃതിദുരന്തമാണിതെന്നാണ് വിലയിരുത്തൽ. മരണസംഖ്യയും പരിക്കേറ്റവരുടെ എണ്ണവും സംബന്ധിച്ച അന്തിമ വിവരങ്ങൾ ഔദ്യോഗിക ഏജൻസികളുടെ സ്ഥിരീകരണത്തിന് ശേഷമേ ലഭ്യമാകൂ.
ദുരന്തബാധിതർക്ക് സഹായവുമായി ഇന്ത്യയും രംഗത്തെത്തിയിട്ടുണ്ട്. ‘അമിസ്റ്റഡ്’ എന്ന് നാമകരണം ചെയ്ത രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇന്ത്യൻ വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ കരാക്കാസിലേക്ക് പുറപ്പെട്ടു. 60 ഫീൽഡ് ആശുപത്രി യൂണിറ്റുകൾ, ആറ് ടണ്ണോളം മരുന്നുകൾ, ഭക്ഷ്യവസ്തുക്കൾ എന്നിവ അടങ്ങുന്ന ദുരിതാശ്വാസ സാമഗ്രികളും 41 അംഗ മെഡിക്കൽ സംഘവുമാണ് വെനസ്വേലയിലേക്ക് തിരിച്ചിരിക്കുന്നത്. സ്പാനിഷ് ഭാഷയിൽ സൗഹൃദം എന്നർത്ഥം വരുന്നതാണ് ഈ ദൗത്യത്തിന്റെ പേര്.

