വിഴിഞ്ഞം: വന്‍ വിദേശ നിക്ഷേപം എത്തുന്നതോടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വികസനത്തിന്റെ പുതിയ പാതയിലേക്ക്. അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ (എവിപിപിഎല്‍) 49 ശതമാനം ഓഹരികളാണ് യൂറോപ്യന്‍ ഷിപ്പിങ് ഭീമനായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി (എംഎസ്‌സി) ഏറ്റെടുക്കുന്നത്. അദാനി ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ അദാനി പോര്‍ട്ട്‌സിന് കീഴിലുള്ള വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി 27,000 കോടി രൂപയാണ് ആകെ വകയിരുത്തിയിരിക്കുന്നത്. ഇതില്‍ 13,225 കോടി രൂപയുടെ വിദേശ നിക്ഷേപമാണ് ലഭ്യമാകുന്നത്. സംസ്ഥാനത്ത് ഇതുവരെ നടന്നതില്‍ വെച്ച് ഏറ്റവും വലിയ വിദേശ നിക്ഷേപമാണിത്.
ഈ നിക്ഷേപം വിഴിഞ്ഞം പോർട്ടിന്റെ പ്രവർത്തനക്ഷമത വലിയ തോതിൽ വർധിപ്പിക്കും. ഇരു കമ്പനികളും തമ്മിലുള്ള ഈ സഹകരണം തെക്കുകിഴക്കൻ ഏഷ്യൻ ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബുകൾക്കിടയിൽ വിഴിഞ്ഞത്തിന് ആഗോളതലത്തിൽ വലിയ മുൻതൂക്കം നൽകും. കിഴക്കൻ ആഫ്രിക്കൻ വ്യാപാര റൂട്ടുകളിൽ സാന്നിധ്യം ശക്തിപ്പെടുത്താനും പുതിയ നിക്ഷേപം സഹായകരമാകും. തുറമുഖത്തിന്റെ ചരക്ക് കൈമാറ്റ ശേഷി നിലവിലെ 16 ലക്ഷം ടിഇയു (TEU) എന്ന നിലയില്‍ നിന്നും മൂന്നര മടങ്ങ് വര്‍ധിച്ച് 57 ലക്ഷം ടിഇയു ആയി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്.
വിഴിഞ്ഞം തുറമുഖം ഒരു പ്രധാന ട്രാന്‍സ്ഷിപ്പ്‌മെന്റ് ഹബ്ബായി മാറിക്കഴിഞ്ഞു എന്ന് അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ഹോള്‍-ടൈം ഡയറക്ടറും സിഇഒയുമായ അശ്വനി ഗുപ്ത വ്യക്തമാക്കി. 18 മാസത്തിനുള്ളില്‍ തന്നെ 20 ലക്ഷം ടിഇയു കൈകാര്യം ചെയ്യുന്ന ആദ്യത്തെ ഇന്ത്യന്‍ തുറമുഖമെന്ന നേട്ടം വിഴിഞ്ഞം കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2024 ഡിസംബറിൽ കമ്മീഷൻ ചെയ്ത ഈ ഡീപ് ഡ്രാഫ്റ്റ് മെഗാ ട്രാൻസ്ഷിപ്പ്‌മെന്റ് തുറമുഖം, യൂറോപ്പ്, പേർഷ്യൻ ഗൾഫ്, ഫാർ ഈസ്റ്റ് എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാന ഷിപ്പിംഗ് റൂട്ടുകളിൽ നിന്നുള്ള തന്ത്രപ്രധാനമായ സ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്. 2028 ഡിസംബറോടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി തുറമുഖത്തിന്റെ ശേഷി 5.7 ദശലക്ഷം ടിഇയു ആയി ഉയര്‍ത്താനാണ് നീക്കം.

