വാഷിങ്ടൺ: ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇറാനെതിരെ സമനില നേടിയെങ്കിലും, സൂപ്പർതാരം മുഹമ്മദ് സലായുടെ പരിക്ക് ഈജിപ്ത് ക്യാമ്പിനെ ആശങ്കയിലാഴ്ത്തുന്നു. മത്സരത്തിനിടെ ഇടത് കാൽമുട്ടിന് പരിക്കേറ്റതിനെത്തുടർന്ന് രണ്ടാം പകുതിയിൽ താരം കളം വിട്ടത് നോക്കൗട്ട് ഘട്ടത്തിന് മുന്നോടിയായി ഈജിപ്തിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.
മത്സരത്തിന്റെ 57-ാം മിനിറ്റിലാണ് സലാ കളം വിട്ടത്. തുടർന്ന് പരിശീലകൻ ഹൊസാം ഹസൻ പകരക്കാരനായി മുസ്തഫ സിക്കോയെ ഇറക്കി. സലായുടെ പരിക്കിന്റെ ഗൗരവം വിശദമായി വിലയിരുത്തുമെന്നും ടീം ഹോട്ടലിലെത്തിയ ശേഷം കൂടുതൽ മെഡിക്കൽ പരിശോധനകൾ നടത്തുമെന്നും ഹൊസാം ഹസൻ മത്സരശേഷം വ്യക്തമാക്കി. സലായുമായി സംസാരിച്ചിട്ടുണ്ടെന്നും നിലവിൽ താരം സുഖമായിരിക്കുന്നുവെന്നും എന്നാൽ പരിശോധനാഫലം വന്ന ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്നും പരിശീലകൻ കൂട്ടിച്ചേർത്തു.
ഇറാനെതിരായ മത്സരം 1-1 എന്ന നിലയിൽ സമനിലയിൽ അവസാനിച്ചെങ്കിലും, ഈ ഫലം ഈജിപ്തിന് ചരിത്രനേട്ടമാണ് സമ്മാനിച്ചത്. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഈജിപ്ത് നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്നത്. മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ മഹ്മൂദ് സബറിലൂടെ ഈജിപ്ത് ലീഡ് നേടിയെങ്കിലും, രണ്ടാം പകുതിയിൽ റാമിൻ റെസായി നേടിയ ഗോളിലൂടെ ഇറാൻ സമനില പിടിക്കുകയായിരുന്നു. ഈ സമനിലയോടെ ഗ്രൂപ്പിൽ ബെൽജിയം ഒന്നാം സ്ഥാനക്കാരായും ഈജിപ്ത് രണ്ടാം സ്ഥാനക്കാരായും പ്രീക്വാർട്ടർ ഉറപ്പിച്ചു. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച മുന്നേറ്റം ലക്ഷ്യമിടുന്ന ഈജിപ്ത്, തങ്ങളുടെ ആക്രമണനിരയുടെ കരുത്തായ സലാ നോക്കൗട്ട് മത്സരത്തിന് മുമ്പ് പൂർണ ഫിറ്റ്നസ് വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ്.

