കോട്ടയം: തൊഴിൽ തട്ടിപ്പിനെ തുടർന്ന് പശ്ചിമ ആഫ്രിക്കൻ രാജ്യമായ ലൈബീരിയയിൽ മാസങ്ങളായി ദുരിതത്തിലായിരുന്ന കോട്ടയം സ്വദേശി ജയകുമാർ ഒടുവിൽ നാട്ടിലേക്ക് മടങ്ങുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ അടിയന്തര ഇടപെടലിനെ തുടർന്നാണ് ജയകുമാറിന്റെ മടങ്ങിവരവിന് വഴിയൊരുങ്ങിയത്.
കഴിഞ്ഞ ജനുവരി മുതൽ ലൈബീരിയയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു ഇദ്ദേഹം. ജോലി വാഗ്ദാനം ചെയ്ത് വിദേശത്തേക്ക് കൊണ്ടുപോയ സംഘം വിസയും പാസ്പോർട്ടും പിടിച്ചുവെച്ചതോടെ നാട്ടിലേക്ക് മടങ്ങാനാകാതെ ജയകുമാർ കടുത്ത പ്രതിസന്ധിയിലായി. ഭക്ഷണവും താമസസൗകര്യവുമില്ലാതെ ദുരിതപൂർണമായ സാഹചര്യത്തിൽ കഴിയേണ്ടി വന്നതോടെ ഇദ്ദേഹം രോഗബാധിതനാവുകയും ചെയ്തിരുന്നു.
വിഷയം മാധ്യമങ്ങളിലൂടെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നേരിട്ട് ഇടപെടുകയായിരുന്നു. ലൈബീരിയയിൽ ജയകുമാറിന് ആവശ്യമായ ഭക്ഷണവും താമസസൗകര്യവും ഉൾപ്പെടെയുള്ള അടിയന്തര സഹായങ്ങൾ ഉറപ്പാക്കിയ മന്ത്രി, ഇദ്ദേഹത്തെ സ്വന്തം ചെലവിൽ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിച്ചു. എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളും പൂർത്തിയായതോടെ ശനിയാഴ്ച ജയകുമാർ കേരളത്തിൽ തിരിച്ചെത്തും. ദുരിതകാലത്ത് തുണയായ കേന്ദ്രമന്ത്രിയുടെ സമയോചിതമായ ഇടപെടലിൽ വലിയ ആശ്വാസമുണ്ടെന്നും നന്ദി രേഖപ്പെടുത്തുന്നതായും കുടുംബാംഗങ്ങൾ അറിയിച്ചു.

