തിരുവനന്തപുരം: മില്‍മയുടെ സ്വാതന്ത്ര്യദിന സമ്മാനം എന്ന പേരില്‍ വാട്‌സ്ആപ്പില്‍ വ്യാപകമായി പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് മില്‍മ അധികൃതര്‍ അറിയിച്ചു. ഇത്തരം വ്യാജസന്ദേശങ്ങളിലൂടെയുള്ള തട്ടിപ്പുകളില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും, അജ്ഞാതമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ വ്യക്തിഗത വിവരങ്ങള്‍ പങ്കുവെക്കുകയോ ചെയ്യരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
ഇത്തരം വ്യാജ ലിങ്കുകള്‍ക്കും സന്ദേശങ്ങള്‍ക്കുമെതിരെ മില്‍മ തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി ഇതിനോടകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാല്‍പ്പത്തിയാറ് വര്‍ഷത്തെ പാരമ്പര്യമുള്ള മില്‍മയുടെ വിശ്വാസ്യതയെ ബാധിക്കുന്ന തരത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പരാതി പോലീസിന് കൈമാറിയിട്ടുണ്ടെന്നും മില്‍മ അറിയിച്ചു.
നേരത്തെ ‘മില്‍മ വാര്‍ഷികാഘോഷ സമ്മാനം’ എന്ന പേരില്‍ സമാനമായ രീതിയില്‍ വ്യാജ ലിങ്കുകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചിരുന്നു. അന്ന് മില്‍മ സ്വീകരിച്ച നിയമപരമായ നടപടികളെത്തുടര്‍ന്ന് ഇത്തരം ലിങ്കുകള്‍ നീക്കം ചെയ്യുകയും പ്രചാരണം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. സമാനമായ തട്ടിപ്പുകള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ ഏറെ ശ്രദ്ധ പുലര്‍ത്തണമെന്നാണ് മില്‍മയുടെ അഭ്യര്‍ത്ഥന.

