പാലാ: എഫ്.സി.ആർ.എ (FCRA) ബില്ലുമായി ബന്ധപ്പെട്ട് സഭാ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച ബി.ജെ.പി നേതാവ് പി.സി. ജോർജിന്റെ നിലപാടിനെ തള്ളി മകൻ ഷോൺ ജോർജ് രംഗത്ത്. മെത്രാന്മാർ കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കുന്നു എന്നത് തന്റെ പിതാവിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും, തനിക്ക് അത്തരമൊരു അഭിപ്രായമില്ലെന്നും പാലായിലെ എൻ.ഡി.എ സ്ഥാനാർത്ഥി കൂടിയായ ഷോൺ വ്യക്തമാക്കി.
സഭയുമായി ബന്ധപ്പെട്ട വിഷയങ്ങളെയും സഭാ നേതാക്കളുടെ പ്രസ്താവനകളെയും രാഷ്ട്രീയ നേട്ടത്തിനായി കോൺഗ്രസ് വളച്ചൊടിക്കുകയാണെന്ന് ഷോൺ കുറ്റപ്പെടുത്തി. ചങ്ങനാശ്ശേരി ബിഷപ്പ് തോമസ് തറയിലിന്റെ വാക്കുകൾ കോൺഗ്രസ് ദുരുപയോഗം ചെയ്യാൻ ശ്രമിച്ചതും അതിനെതിരെ അദ്ദേഹം തന്നെ ഫേസ്‌ബുക്ക് പോസ്റ്റുമായി രംഗത്തുവന്നതും ഇതിന് ഉദാഹരണമാണ്. തിരഞ്ഞെടുപ്പ് കാലത്ത് എഫ്.സി.ആർ.എ ബിൽ കൊണ്ടുവന്നത് വിവാദമാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുണ്ട്. എന്നാൽ തിരഞ്ഞെടുപ്പ് സമയമായിട്ട് കൂടി ഈ ബിൽ പാസാക്കാൻ ബി.ജെ.പി സർക്കാർ തയ്യാറാകുന്നുണ്ടെങ്കിൽ അത് രാജ്യസുരക്ഷയ്ക്ക് അത്രത്തോളം അനിവാര്യമായതുകൊണ്ടാണെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കോൺഗ്രസ് അധികാരത്തിൽ വരണമെന്ന് ആഗ്രഹിക്കുന്ന ചില ബിഷപ്പുമാർ സമനില തെറ്റിയതുപോലെയാണ് സംസാരിക്കുന്നതെന്നായിരുന്നു പി.സി. ജോർജിന്റെ വിവാദ പരാമർശം. രാജ്യത്ത് കേവലം രണ്ടേകാൽ ശതമാനം മാത്രമുള്ള ക്രിസ്ത്യാനികളെ ബി.ജെ.പി അവരുടെ മാന്യതകൊണ്ടാണ് പരിഗണിക്കുന്നതെന്നും, കോൺഗ്രസ് ഭരണകാലത്ത് പോലും ഇത്രയധികം ക്രിസ്ത്യൻ മുഖ്യമന്ത്രിമാർ ഇന്ത്യയിൽ ഉണ്ടായിട്ടില്ലെന്നും ജോർജ് പറഞ്ഞിരുന്നു. ബി.ജെ.പിയുടെ ഈ അംഗീകാരം മറന്നുകൊണ്ട് സഭാ നേതൃത്വം അടിസ്ഥാനരഹിതമായ കാര്യങ്ങൾ വിളിച്ചുപറയരുതെന്നായിരുന്നു പൂഞ്ഞാറിലെ എൻ.ഡി.എ സ്ഥാനാർത്ഥിയായ പി.സി. ജോർജിന്റെ വിമർശനം. ഈ പ്രസ്താവനയാണ് ഇപ്പോൾ മകൻ തന്നെ തള്ളിയിരിക്കുന്നത്.

