തുറവൂർ: ബിജെപി ആലപ്പുഴ മേഖല സംഘടനാ സെക്രട്ടറിയും ആർഎസ്എസ് മുൻ ശബരിഗിരി വിഭാഗ് കാര്യവാഹുമായിരുന്ന എൽ. പദ്മകുമാറിന് നാടിന്റെ അന്ത്യാഞ്ജലി. തുറവൂർ വളമംഗലത്തെ പഴംപള്ളിക്കാവ് സംഘസ്ഥാനിൽ പൊതുദർശനത്തിന് വെച്ച ഭൗതികശരീരത്തിൽ അന്തിമോപചാരം അർപ്പിക്കാൻ പതിനായിരങ്ങളാണ് എത്തിയത്. രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിലെ പ്രമുഖരും പ്രവർത്തകരും ഉൾപ്പെടെ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ അവസാനമായി ഒരുനോക്കുകാണാൻ എത്തിച്ചേർന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. മകൻ ശബരിനാഥ് അന്ത്യകർമങ്ങൾ നിർവഹിച്ചു. രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു. രാജീവ് ചന്ദ്രശേഖർ, ഷാനിമോൾ ഉസ്മാൻ, കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ്, കെ. സുരേന്ദ്രൻ, എം.ടി. രമേശ്, ശോഭ സുരേന്ദ്രൻ, എസ്. സുരേഷ്, അനൂപ് ആന്റണി, എ.എൻ. രാധാകൃഷ്ണൻ, സി. കൃഷ്ണകുമാർ, കെ. സോമൻ, ഷോൺ ജോർജ്, കെ.കെ. അനീഷ്, പി.സി. ജോർജ്, പൂന്തുറ ശ്രീകുമാർ, പന്തളം പ്രതാപൻ, എം.വി. ഗോപകുമാർ, എൻ. ഹരി, സന്ദീപ് വാചസ്പതി, പി.കെ. ബിനോയ് എന്നിവർ ആദരാഞ്ജലി അർപ്പിച്ചു.
ആർഎസ്എസ് ദക്ഷിണ കേരളം പ്രാന്ത പ്രചാരക് എസ്. സുദർശൻ, ഉത്തര കേരളം പ്രാന്തപ്രചാരക് എ. വിനോദ്, കെ.ബി. ശ്രീകുമാർ, എം.സി. വത്സൻ, എം. ഗണേശ്, സി.പി. മോഹനചന്ദ്രൻ, റാം മോഹൻ തുടങ്ങിയവരും സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു. കൂടാതെ ബിഎംഎസ് പ്രതിനിധികളും ജന്മഭൂമി എഡിറ്റർ കെ.എൻ.ആർ. നമ്പൂതിരി, ശബരിഗിരി യൂണിറ്റ് മാനേജർ എ.സി. സുനിൽ തുടങ്ങിയവരും അന്തിമോപചാരം അർപ്പിച്ചു. ബുധനാഴ്ച രാവിലെ മരണവിവരം അറിഞ്ഞത് മുതൽ വളമംഗലത്തെ വസതിയിലേക്ക് ജനപ്രവാഹമായിരുന്നു. സംസ്കാര ചടങ്ങുകൾക്ക് ശേഷം അനുസ്മരണ സമ്മേളനവും നടന്നു.

