തിരുവനന്തപുരം: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പ്രളയബാധിത മേഖലകളില്‍ ജനങ്ങള്‍ നേരിടുന്ന ദുരിതങ്ങളുടെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലും ഏകോപനത്തിലും സര്‍ക്കാര്‍ കാണിക്കുന്ന ഗുരുതരമായ വീഴ്ചയും അനാസ്ഥയുമാണ് ദുരിതം ഇത്രത്തോളം രൂക്ഷമാക്കിയതെന്ന് അദ്ദേഹം വിമര്‍ശിച്ചു. ജനങ്ങള്‍ പ്രളയക്കെടുതിയില്‍ വലയുമ്പോള്‍ മുഖ്യമന്ത്രി മറ്റ് പരിപാടികളിലും ഉദ്ഘാടനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെതിരെയും അദ്ദേഹം രംഗത്തെത്തി. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ബി.ബി. ഗോപകുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എസ്. സുരേഷ്, അനൂപ് ആന്റണി, വൈസ് പ്രസിഡന്റ് കെ. സോമന് എന്നിവരടങ്ങിയ സംഘം ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം.
ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായി അദ്ദേഹം കുറ്റപ്പെടുത്തി. പല ക്യാമ്പുകളിലും കുടിവെള്ളം, ശുചിത്വം, ആരോഗ്യസുരക്ഷാ സംവിധാനങ്ങള്‍ എന്നിവ അപര്യാപ്തമാണ്. വെള്ളം കയറിയ പ്രദേശങ്ങളില്‍ മതിയായ രക്ഷാബോട്ടുകള്‍ എത്തിക്കുന്നതിലും അധികൃതര്‍ വീഴ്ച വരുത്തി. പ്രകൃതി ദുരന്തത്തേക്കാള്‍ വലിയ പ്രതിസന്ധിയാണ് ഭരണകൂടത്തിന്റെ കെടുകാര്യസ്ഥത മൂലം ജനങ്ങള്‍ അനുഭവിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ദുരിതാശ്വാസ സാമഗ്രികളുടെ വിതരണത്തിലും ശുചീകരണ പ്രവര്‍ത്തനങ്ങളിലും ബിജെപി പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ വര്‍ഷംതോറും പ്രളയക്കെടുതികള്‍ ആവര്‍ത്തിക്കുന്നത് പ്രകൃതിയുടെ മാത്രം സൃഷ്ടിയല്ലെന്നും, മാറിമാറി ഭരിച്ച സര്‍ക്കാരുകളുടെ ദീര്ഘവീണമില്ലാത്ത വികസന നയങ്ങളും ആസൂത്രണക്കുറവുമാണ് ഇതിന് കാരണമെന്നും രാജീവ് ചന്ദ്രശേഖർ വിമര്‍ശിച്ചു. പ്രളയം കഴിഞ്ഞ് നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നതില്‍ മാത്രം സര്‍ക്കാര്‍ ഒതുങ്ങരുത്. നദികളുടെയും തോടുകളുടെയും സംരക്ഷണം, ഡ്രെയിനേജ് സംവിധാനങ്ങളുടെ നവീകരണം, ശാസ്ത്രീയമായ വെള്ളപ്പൊക്ക നിയന്ത്രണ പദ്ധതികള്‍ എന്നിവ അടിയന്തരമായി നടപ്പാക്കണം. സ്ഥിരം പ്രളയ ഭീഷണി നേരിടുന്ന മേഖലകളില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള അടിസ്ഥാനസൗകര്യ വികസനം ഉറപ്പാക്കണമെന്നും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

