തൃശൂർ: കനത്ത മഴയെത്തുടർന്ന് പെരിങ്ങൽക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഡാമിന്റെ ക്രസ്റ്റ് ഗേറ്റുകൾ തുറക്കാൻ തീരുമാനം. വൈകിട്ട് നാല് മണിക്ക് ജലനിരപ്പ് 418.20 മീറ്ററിലെത്തി. വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാൽ ജലനിരപ്പ് ക്രസ്റ്റ് ലെവലായ 419.40 മീറ്ററിൽ നിയന്ത്രിച്ചു നിർത്താനാണ് അധികൃതരുടെ നടപടി. ജലനിരപ്പ് നിശ്ചിത അളവിലെത്തുന്ന മുറയ്ക്ക് അധികജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കിവിടും.
അണക്കെട്ടിൽ നിന്നും വെള്ളം പുറത്തേക്ക് ഒഴുക്കുന്ന സാഹചര്യത്തിൽ ചാലക്കുടി പുഴയുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം കർശന നിർദ്ദേശം നൽകി. പുഴയിൽ ഇറങ്ങുന്നതിനും മീൻപിടുത്തത്തിനും ഉൾപ്പെടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നതോടെ പുഴയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്ന് അധികൃതർ ആവർത്തിച്ചു വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ ജാഗ്രതകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിനിടെ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാനും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

