തിരുവനന്തപുരം: ദക്ഷിണ വ്യോമസേനാ മേധാവിയായി ജസ്വീർ സിംഗ് മാൻ ചുമതലയേറ്റു. തിരുവനന്തപുരത്തെ ദക്ഷിണ വ്യോമസേനാ ആസ്ഥാനത്ത് എത്തിയ അദ്ദേഹത്തിന് സേനയുടെ ഭാഗത്തുനിന്ന് ആചാരപരമായ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു. നാല് പതിറ്റാണ്ടോളം നീണ്ട സേവനത്തിന് ശേഷം എയർമാർഷൽ മനീഷ് ഖന്ന വിരമിച്ച ഒഴിവിലേക്കാണ് ജസ്വീർ സിംഗ് മാൻ നിയമിതനായിരിക്കുന്നത്.
1989 ഡിസംബർ 16-ന് ഇന്ത്യൻ വ്യോമസേനയുടെ ഫൈറ്റർ വിഭാഗത്തിൽ കമ്മീഷൻ ചെയ്യപ്പെട്ട അദ്ദേഹം മികച്ച അക്കാദമിക് യോഗ്യതകളുള്ള ഉദ്യോഗസ്ഥനാണ്. ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിൽ നിന്ന് ബിരുദവും യുകെയിലെ റോയൽ കോളേജ് ഓഫ് ഡിഫൻസ് സ്റ്റഡീസിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. അപ്പാച്ചെ, മിഗ്-21, ജാഗ്വാർ, മിഗ്-29, സുകോയ്-30, റാഫേൽ തുടങ്ങിയ അത്യാധുനിക യുദ്ധവിമാനങ്ങളിൽ 3000 മണിക്കൂറിലധികം പറക്കൽ പരിചയമുള്ള പൈലറ്റ് അറ്റാക്ക് ഇൻസ്ട്രക്ടർ കൂടിയാണ് അദ്ദേഹം.
നീണ്ട ഔദ്യോഗിക ജീവിതത്തിനിടയിൽ ഫൈറ്റർ സ്ക്വാഡ്രൺ കമാൻഡിംഗ്, പ്രീമിയം ഫൈറ്റർ ബേസിന്റെ എയർ ഓഫീസർ കമാൻഡിംഗ് തുടങ്ങി നിരവധി സുപ്രധാന ചുമതലകൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. വ്യോമസേനാ ആസ്ഥാനത്ത് അസിസ്റ്റന്റ് ചീഫ് ഓഫ് എയർ സ്റ്റാഫ് ഓപ്പറേഷൻസ് (ഓഫൻസീവ്), ഡയറക്ടർ ജനറൽ (വെപ്പൺ സിസ്റ്റംസ്) എന്നീ നിർണായക പദവികളിലും പ്രവർത്തിച്ചിട്ടുണ്ട്. ദക്ഷിണ വ്യോമസേനാ മേധാവിയായി ചുമതലയേൽക്കുന്നതിന് മുൻപ് പശ്ചിമ വ്യോമസേനയിൽ സീനിയർ എയർ സ്റ്റാഫ് ഓഫീസറായിരുന്ന അദ്ദേഹം, സംയുക്ത സേനാ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ചു. വിശിഷ്ട സേവനത്തിന് അതിവിശിഷ്ട സേവാ മെഡലും വായുസേന മെഡലും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

