തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന തീരുമാനത്തിൽ നിന്ന് യു.ഡി.എഫ് തൽക്കാലം പിന്മാറി. പ്രമേയത്തെ പിന്തുണയ്ക്കാൻ സി.പി.എം തയ്യാറാകാത്ത സാഹചര്യത്തിലാണ് കോൺഗ്രസ് നേതൃത്വം ഈ നീക്കത്തിൽ നിന്ന് പിന്തിരിഞ്ഞത്. കൂടുതൽ ആലോചനകൾ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി തിങ്കളാഴ്ച ചേരുന്ന കൗൺസിൽ യോഗത്തിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കില്ലെന്ന് കെ.എസ്. ശബരീനാഥൻ അറിയിച്ചു. പകരം, ഭരണസ്തംഭനം ആരോപിച്ചുകൊണ്ട് യു.ഡി.എഫ് കോർപ്പറേഷനിലേക്ക് മാർച്ച് നടത്തും.
അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ചർച്ചകൾ സജീവമായെങ്കിലും സി.പി.എം നിലപാട് മാറ്റമില്ലാതെ തുടരുകയാണ്. യു.ഡി.എഫ് പിന്തുണ തേടി സമീപിച്ചിട്ടില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി വി. ജോയ് വ്യക്തമാക്കി. ഇത്തരം വിഷയങ്ങൾ പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയിലുള്ളതാണെന്നും നിലവിൽ അവിശ്വാസ പ്രമേയത്തെക്കുറിച്ച് യാതൊരു ചർച്ചയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവിശ്വാസ പ്രമേയത്തിന് സി.പി.എം പിന്തുണ ലഭിക്കാത്തത് ബി.ജെ.പി–എൽ.ഡി.എഫ് ഒത്തുകളിയുടെ ഭാഗമാണെന്ന് ശബരീനാഥൻ ആരോപിച്ചു. എന്നാൽ കോർപ്പറേഷനിൽ കോൺഗ്രസ്–സി.പി.എം സഖ്യമാണ് നിലനിൽക്കുന്നതെന്നും അവിശ്വാസ നീക്കവും ഇതിന്റെ ഭാഗമാണെന്നും മേയർ വി.വി. രാജേഷ് തിരിച്ചടിച്ചു. അവിശ്വാസ പ്രമേയത്തെ നേരിടാൻ ഭരണസമിതി പൂർണ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
നഗരത്തിലെ മാലിന്യ സംസ്കരണം, കുടിവെള്ള ക്ഷാമം, വെള്ളക്കെട്ട്, തെരുവുനായ ശല്യം തുടങ്ങിയ വിഷയങ്ങളിൽ ഭരണസമിതി പരാജയപ്പെട്ടുവെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. എന്നാൽ, മേയർ വി.വി. രാജേഷ് ഈ ആരോപണങ്ങൾ നിഷേധിച്ചു. ഭരണസ്തംഭനം ഉണ്ടായിട്ടില്ലെന്നും ആരോപിക്കപ്പെട്ട വിഷയങ്ങളിൽ നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. തെരുവുനായ പ്രശ്നം ഗണ്യമായി നിയന്ത്രണവിധേയമാക്കാൻ സാധിച്ചുവെന്നും, മാലിന്യ സംസ്കരണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ശാശ്വത പരിഹാരം ലക്ഷ്യമിട്ടുള്ള പദ്ധതികൾ നടപ്പിലാക്കി വരികയാണെന്നും മേയർ വിശദീകരിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പിന്തുണ കൂടി ലഭിച്ചാൽ നഗരവികസന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

