മുംബൈ: ടാറ്റ സൺസിന്റെ ലിസ്റ്റിംഗ് സംബന്ധിച്ചും എൻബിഎഫ്സി-സിഐസി ലൈസൻസ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ടും അന്തിമ തീരുമാനമെടുക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഒരുങ്ങുന്നു. ലൈസൻസ് ഉപേക്ഷിക്കുന്നതിനായി ടാറ്റ സൺസ് സമർപ്പിച്ച അപേക്ഷയിൽ കേന്ദ്ര ബാങ്കിന്റെ പരിശോധന തുടരുകയാണ്. രേഖകൾ സമർപ്പിക്കുന്നത് കൊണ്ട് മാത്രം ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സ്വയമേവ റദ്ദാക്കപ്പെടില്ലെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. ടാറ്റ സൺസ് പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധപ്പെട്ട ലിസ്റ്റിംഗ് നടപടികൾ നിലവിലെ ആർബിഐ റെഗുലേറ്ററി നയങ്ങളുടെ അടിസ്ഥാനത്തിലാണ് മുന്നോട്ട് പോകുന്നത്.
2022-ൽ ടാറ്റ സൺസിനെ മുൻനിര നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയായി ആർബിഐ തരംതിരിച്ചിരുന്നു. ഈ നിയമങ്ങൾ പ്രകാരം, നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന സ്ഥാപനങ്ങൾ മൂന്ന് വർഷത്തിനുള്ളിൽ പബ്ലിക് ലിസ്റ്റിംഗ് പൂർത്തിയാക്കാൻ നിയമപരമായി ബാധ്യസ്ഥരാണ്. 1 ലക്ഷം കോടി രൂപയോ അതിൽ കൂടുതലോ സ്റ്റാൻഡ്-എലോൺ ആസ്തിയുള്ള സ്ഥാപനങ്ങളെയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ 1.75 ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള ടാറ്റ സൺസിന് ലിസ്റ്റിംഗ് നിർബന്ധമാണെങ്കിലും, അത് ഒഴിവാക്കുന്നതിനായി കോർ ഇൻവെസ്റ്റ്മെന്റ് കമ്പനി (സിഐസി) എന്ന പദവി ഉപേക്ഷിക്കാൻ കമ്പനി അപേക്ഷ നൽകുകയായിരുന്നു.
ടാറ്റ ട്രസ്റ്റുകൾക്ക് ടാറ്റ സൺസിൽ 66 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. കമ്പനി പബ്ലിക് ലിമിറ്റഡ് ആയി മാറിയാൽ സെബി (SEBI) മാർഗ്ഗനിർദ്ദേശങ്ങളും പൊതുവിപണിയിലെ സൂക്ഷ്മപരിശോധനകളും കർശനമായി പാലിക്കേണ്ടി വരും. ഇത്തരമൊരു സാഹചര്യം കമ്പനിയിലുള്ള ടാറ്റ ട്രസ്റ്റുകളുടെ നിയന്ത്രണത്തെ ബാധിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്താകും ആർബിഐയുടെ തുടർനടപടികൾ.

