കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള 43 കാരന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. രാമനാട്ടുകര മേലേവാരം അഞ്ചാം ഡിവിഷൻ സ്വദേശിയായ ഇദ്ദേഹം മെഡിക്കൽ കോളേജിലെ കെ.എച്ച്.ആർ.ഡബ്ല്യു.എസ് പേ വാർഡിൽ വെന്റിലേറ്റർ സൗകര്യത്തോടെയുള്ള ഐസൊലേഷൻ വാർഡിലാണ് ചികിത്സയിലുള്ളത്.
മെഡിക്കൽ കോളേജ് വി.ആർ.ഡി.എൽ ലാബിൽ നടത്തിയ പ്രാഥമിക സ്രവ പരിശോധനയിലാണ് ഇദ്ദേഹത്തിന് രോഗബാധയുള്ളതായി കണ്ടെത്തിയത്. തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിൽ ഇന്നലെ പൂനെയിലെ ലെവൽ 3 വൈറോളജി ലാബിലും രോഗം സ്ഥിരീകരിക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
രോഗബാധയുടെ ഉറവിടം കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധനകൾ ഇതിനകം ആരംഭിച്ചു. വവ്വാലുകളിൽ നിന്നാണ് രോഗം പടർന്നതെന്നാണ് നിലവിലെ പ്രാഥമിക നിഗമനം. നിലവിൽ ഇദ്ദേഹവുമായി സമ്പർക്കത്തിൽ വന്ന 77 പേരെ കണ്ടെത്തുകയും നിരീക്ഷണത്തിലാക്കുകയും ചെയ്തിട്ടുണ്ട്. സമ്പർക്കപ്പട്ടികയിലുള്ള ആർക്കും ഇതുവരെ രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നത് ആശ്വാസകരമാണ്.

