തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കാലം ആരംഭിച്ചതോടെ പനി ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പനി ലക്ഷണങ്ങളോടെ ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. വ്യാഴാഴ്ച മാത്രം സംസ്ഥാനത്ത് 13,025 പേരാണ് വിവിധ ആശുപത്രികളിലായി പനിക്ക് ചികിത്സ തേടിയത്. ഇതിൽ ഏറ്റവും കൂടുതൽ രോഗികൾ മലപ്പുറം ജില്ലയിലാണ്, 2,495 പേർ.
തിരുവനന്തപുരം (1,163), എറണാകുളം (1,062), തൃശൂർ (1,472), പാലക്കാട് (1,165), കോഴിക്കോട് (1,030) എന്നീ ജില്ലകളിൽ പ്രതിദിനം ചികിത്സ തേടുന്നവരുടെ എണ്ണം ആയിരം കടന്നു. പനിക്ക് പുറമെ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിലും ആശങ്കാജനകമായ വർധനയുണ്ട്. വ്യാഴാഴ്ച മാത്രം പാലക്കാട് ജില്ലയിൽ 57 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലേഷ്യൻ സ്വദേശിയായ 55 വയസ്സുകാരന്റെ മരണം ഡെങ്കിപ്പനി മൂലമാണെന്നും ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.
പനിപ്പടർച്ചയ്ക്കൊപ്പം മറ്റ് പകർച്ചവ്യാധികളും ആരോഗ്യമേഖലയ്ക്ക് വെല്ലുവിളിയാകുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട്, വയനാട്, കണ്ണൂർ ജില്ലകളിലായി 11 പേർക്ക് എലിപ്പനി ബാധിച്ചു. ഇതിനുപുറമെ മൂന്ന് മലേറിയ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മലപ്പുറത്ത് മസ്തിഷ്ക ജ്വരം ബാധിച്ച് യുവതിയും, വയനാട്ടിൽ മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാർത്ഥിയും, എലിപ്പനി ബാധിച്ചു യുവാവും മരിച്ച സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.

