കൊച്ചി: ഇന്ത്യയിൽ നിർമിച്ച ഏറ്റവും വേഗതയേറിയ ഇലക്ട്രിക് വാഹനമെന്ന ഖ്യാതിയുമായി ടാറ്റ സിയറ വിപണിയിലേക്ക്. വെറും 5.8 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്നതാണ് ഈ ഇലക്ട്രിക് എസ്യുവിയുടെ പ്രധാന സവിശേഷത. 504 എൻഎം ടോർക്ക് കരുത്തുള്ള ഈ വാഹനം ഇന്ത്യൻ ഇവി വിപണിയിൽ പുതിയ സാധ്യതകൾക്കാണ് വഴിയൊരുക്കുന്നത്.
ആകർഷകമായ ബാറ്ററി ഓപ്ഷനുകളാണ് സിയറയുടെ മറ്റൊരു പ്രത്യേകത. 63 kWh ശേഷിയിൽ 565 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കുമ്പോൾ, 75 kWh ബാറ്ററി പായ്ക്ക് ഉപയോഗിക്കുമ്പോൾ 510 മുതൽ 530 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കുന്നു. ക്വാഡ് വീൽ ഡ്രൈവ് എന്ന പ്രൊപ്രൈറ്ററി ഡ്യുവൽ-മോട്ടോർ ഓൾ വീൽ ഡ്രൈവ് സിസ്റ്റം ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ ഏത് പ്രതികൂല സാഹചര്യങ്ങളെയും നേരിടാൻ വാഹനത്തിന് സാധിക്കും. യുഎഇയിലെ മണൽക്കുന്നുകളിലൂടെയുള്ള സിയറയുടെ ഡ്രൈവിംഗ് നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂടാതെ, 15 മിനിറ്റ് ചാർജിംഗിലൂടെ 250 കിലോമീറ്റർ ദൂരം സഞ്ചരിക്കാനുള്ള എക്സ്പ്രസ് ചാർജിംഗ് സൗകര്യവും ബാറ്ററിക്ക് ആജീവനാന്ത വാറന്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നു.
ആധുനിക സാങ്കേതികവിദ്യകൾ കോർത്തിണക്കിയാണ് ഇന്റീരിയർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ട്രിപ്പിൾ-സ്ക്രീൻ ‘ഹൊറൈസൺ വ്യൂ’ ലേഔട്ട്, ഡോൾബി അറ്റ്മോസ് സൗണ്ട് സിസ്റ്റം, ‘ലിവിംഗ് റൂം ഓൺ വീൽസ്’ കൺസെപ്റ്റ്, 540° ക്യാമറ സിസ്റ്റം എന്നിവ ഇതിന്റെ പ്രത്യേകതയാണ്. 18.79 ലക്ഷം രൂപ മുതൽ 24.79 ലക്ഷം രൂപ വരെയാണ് (എക്സ്ഷോറൂം) വിവിധ വേരിയന്റുകളുടെ വില. ടാറ്റയുടെ ഇവി നിരയിലെ ഏഴാമത്തെ വാഹനമായ സിയറയുടെ വിതരണം ജൂലൈ 15 മുതൽ ആരംഭിക്കും.

