പാലക്കാട്: കോളറ സ്ഥിരീകരിച്ചുവെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന പരസ്യമായി തിരുത്തിയതിനെ തുടർന്ന് പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർ (ഡിഎംഒ) ടി.വി റോഷനെ സ്ഥലംമാറ്റി. വയനാട് കൽപ്പറ്റ ജനറൽ ആശുപത്രി സൂപ്രണ്ടായാണ് നിയമനം. ഡിഎംഒയുടെ അപ്രതീക്ഷിത സ്ഥലംമാറ്റം ആരോഗ്യവകുപ്പിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
പാലക്കാട് രണ്ട് പേർക്ക് കോളറ സ്ഥിരീകരിച്ചതായി മന്ത്രി മാധ്യമങ്ങളോട് പ്രസ്താവിച്ചിരുന്നു. എന്നാൽ, ഈ വാദത്തെ തള്ളിക്കൊണ്ട് ഡിഎംഒ രംഗത്തെത്തുകയായിരുന്നു. ഓങ്ങല്ലൂർ, ലക്കിടി പേരൂർ സ്വദേശികളായ രോഗികൾക്ക് കോളറയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും നടത്തിയ പരിശോധനയിൽ രോഗബാധ ഇല്ലെന്ന് സ്ഥിരീകരിച്ചതായി അദ്ദേഹം വ്യക്തമാക്കുകയായിരുന്നു. ഈ വിഷയത്തിൽ മന്ത്രിയും ഡിഎംഒയും തമ്മിലുണ്ടായ ഭിന്നാഭിപ്രായം കഴിഞ്ഞ ദിവസങ്ങളിൽ വലിയ വിവാദമായിരുന്നു.
വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നവരുടെ സാമ്പിളുകൾ പരിശോധിച്ച ശേഷം, ഫലം നെഗറ്റീവാണെന്ന് ആരോഗ്യവകുപ്പ് പിന്നീട് ഔദ്യോഗികമായി തിരുത്തി അറിയിക്കുകയും ചെയ്തു. രോഗലക്ഷണങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും മൈക്രോബയോളജി പരിശോധനയിൽ രോഗബാധ കണ്ടെത്താനായില്ലെന്നും വകുപ്പ് വിശദീകരിച്ചു. സർക്കാർ തലത്തിൽ സംഭവിച്ച ആശയക്കുഴപ്പവും തുടർന്നുള്ള ഡിഎംഒയുടെ സ്ഥലംമാറ്റവും ഇപ്പോൾ വലിയ തോതിൽ ചർച്ചയാകുകയാണ്.

