പത്തനംതിട്ട: കേരളത്തിൽ ബി.ജെ.പിയും എൽ.ഡി.എഫും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടാണുള്ളതെന്നും ഇരുവരും ചേർന്നാണ് പ്രവർത്തിക്കുന്നതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിമർശനം. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ മതവിശ്വാസത്തെ രാഷ്ട്രീയ ആയുധമാക്കി മാറ്റാൻ ശ്രമിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, കേരളത്തിൽ എത്തിയപ്പോൾ ശബരിമലയെക്കുറിച്ച് യാതൊന്നും പ്രതികരിക്കാതിരുന്നത് സി.പി.എമ്മിനെ സംരക്ഷിക്കാനാണ്. ഈ മൗനമാണ് ഇരുപാർട്ടികളും തമ്മിലുള്ള ഒത്തുകളിയുടെ ഏറ്റവും പുതിയ തെളിവെന്നും അദ്ദേഹം ആരോപിച്ചു.
ദേശീയതലത്തിൽ ബി.ജെ.പിയെ നേരിടാൻ കരുത്തുള്ള ഏക പ്രസ്ഥാനം യു.ഡി.എഫ് ആണെന്ന് അവർക്ക് നന്നായി അറിയാം. അതുകൊണ്ടുതന്നെ യു.ഡി.എഫ് കേരളത്തിൽ അധികാരത്തിലേറാൻ ബി.ജെ.പി ആഗ്രഹിക്കുന്നില്ല. തങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നവരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുകയാണ്. തനിക്കെതിരെ 36-ഓളം കേസുകൾ എടുത്തതും 55 മണിക്കൂർ തുടർച്ചയായി ചോദ്യം ചെയ്തതുമെല്ലാം ഇതിന്റെ ഭാഗമായാണ്. എന്നാൽ, ബി.ജെ.പി നേതൃത്വം ഒരിക്കൽപ്പോലും മുഖ്യമന്ത്രി പിണറായി വിജയനെതിരെ തിരിയുകയോ ആക്രമിക്കുകയോ ചെയ്യുന്നില്ല. ഇടതുപക്ഷ നേതൃത്വം പൂർണ്ണമായും ബി.ജെ.പിക്ക് മുന്നിൽ കീഴടങ്ങിയ അവസ്ഥയിലാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ശബരിമലയിലെ സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഉൾപ്പെടെ സി.പി.എമ്മിന് രക്ഷാകവചമൊരുക്കുന്നത് ബി.ജെ.പിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്ത് യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ ശബരിമലയിൽ കൊള്ള നടത്തിയ എല്ലാവർക്കും തക്കതായ ശിക്ഷ നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ഇടതുപക്ഷമെന്ന് അവകാശപ്പെടുമ്പോഴും, ബി.ജെ.പിയെപ്പോലെ തന്നെ കുത്തകകളെ സഹായിക്കുന്ന വലതുപക്ഷ നയങ്ങളും പ്രവർത്തനങ്ങളുമാണ് എൽ.ഡി.എഫ് ഇപ്പോൾ പിന്തുടരുന്നതെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.

