തൃശൂർ: യൂറോപ്യൻ യൂണിയന്റെ ഏറ്റവും അഭിമാനകരമായ ഗവേഷണ സ്കോളർഷിപ്പുകളിലൊന്നായ മേരി ക്യൂറി ഫെല്ലോഷിപ്പിന് തൃശൂർ സ്വദേശിനി ആൻ സണ്ണി അർഹയായി. മൂന്ന് വർഷത്തെ പി.എച്ച്.ഡി ഗവേഷണത്തിനായി ഏകദേശം 1.5 കോടി രൂപയുടെ സ്കോളർഷിപ്പാണ് ആൻ സണ്ണിക്ക് ലഭിക്കുക.
ഇറ്റലിയിലെ റോമിലുള്ള ക്യുസാനോ യൂണിവേഴ്സിറ്റിയിൽ ഗവേഷണത്തിന്റെ ആദ്യഘട്ടം നടക്കും. തുടർന്ന് ലണ്ടൻ, സ്പെയിൻ, പോളണ്ട്, പോർച്ചുഗൽ എന്നീ രാജ്യങ്ങളിലായി ഗവേഷണം തുടരും. മനുഷ്യശരീരത്തിലെ എല്ലുകളെ ബാധിക്കുന്ന വാതരോഗങ്ങളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ബയോസിറാമിക് മേഖലയിലാണ് ആൻ ഗവേഷണം നടത്തുന്നത്. യൂറോപ്യൻ യൂണിയന്റെ ‘റിനോവേറ്റ്’ (RENOVATE) പദ്ധതിയിലെ മുഖ്യ ഗവേഷക എന്ന നിലയിലാണ് ആൻ ഇറ്റലിയിലേക്ക് പോകുന്നത്. ആഗോളതലത്തിൽ ഈ വിഷയത്തിനായി തെരഞ്ഞെടുത്ത 32 ഗവേഷകരിൽ നിന്ന്, വിവിധ ഘട്ടങ്ങളിലായുള്ള വിലയിരുത്തലുകൾക്കും അഭിമുഖങ്ങൾക്കും ശേഷമാണ് ആൻ സണ്ണിയെ തെരഞ്ഞെടുത്തത്.
വി.ഐ.ടി വെല്ലൂരിൽ കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുമ്പോൾ നടത്തിയ ബയോസിറാമിക് ഗവേഷണത്തിന്റെ തുടർച്ചയായാണ് ഈ പഠനം. ഷാർജ ഇന്ത്യൻ സ്കൂളിൽ നിന്ന് പ്ലസ് ടു പൂർത്തിയാക്കിയ ആൻ, ഡൽഹി സർവകലാശാലയിലെ വെങ്കിടേശ്വര കോളേജിൽ നിന്ന് കെമിസ്ട്രിയിൽ ഓണേഴ്സ് ബിരുദം നേടിയിട്ടുണ്ട്. ബിരുദ പഠനത്തിനിടെ ‘കോർഡിനേഷൻ കെമിസ്ട്രി റിവ്യൂസ്’ എന്ന ഗവേഷണ ജേണലിൽ പ്രസിദ്ധീകരിച്ച റിസർച്ച് പേപ്പറിന് 20.3 എന്ന ഉയർന്ന ഇംപാക്ട് ഫാക്ടർ ലഭിച്ചിരുന്നു. തൃശൂർ നെല്ലങ്കര സ്വദേശി പനക്കൽ താരു സണ്ണിയുടെയും ലിൻഡാ സണ്ണിയുടെയും മകളാണ് ആൻ സണ്ണി. അബിൻ സണ്ണി, ഓസ്റ്റിൻ സണ്ണി, അലൻ സണ്ണി എന്നിവർ സഹോദരങ്ങളാണ്

