തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടലും പ്രളയസമാനമായ വെള്ളപ്പൊക്കവും വ്യാപക നാശം വിതച്ചു. മലയോര മേഖലകളിൽ ഉരുൾപൊട്ടലും നദികൾ കരകവിഞ്ഞ് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുകയും ചെയ്തതോടെ വിവിധ ജില്ലകൾ ഒറ്റപ്പെട്ടു. മഴക്കെടുതിയിൽ ഇതുവരെ എട്ടുപേർ മരിക്കുകയും ഏഴുപേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. വ്യാപകമായ കൃഷിനാശവും വസ്തുനാശവും വിവിധ ഇടങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത്.
കോട്ടയത്ത് മീനച്ചിലാർ കരകവിഞ്ഞതിനെ തുടർന്ന് പാലാ നഗരം വെള്ളത്തിനടിയിലായി. എരുമേലി, മുണ്ടക്കയം, മണിമല ടൗണുകളിലും വെള്ളം കയറി. ഈരാറ്റുപേട്ട–വാഗമൺ റോഡിൽ കല്ലുവീണ് ഗതാഗതം തടസ്സപ്പെട്ടു. പത്തനംതിട്ടയിൽ റാന്നി ടൗൺ പൂർണമായും ഒറ്റപ്പെട്ടതോടെ ദുരന്തനിവാരണ സേനയും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. തിരുവനന്തപുരം ജില്ലയിൽ പേപ്പാറ, അരുവിക്കര, നെയ്യാർ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി. കണ്ണൂരിൽ കൊളിത്തട്ട്, ആറളം വന്യജീവി സങ്കേതം, മാക്കൂട്ടം, ബ്രഹ്മഗിരി വനമേഖലകൾ എന്നിവിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. പാലക്കാട് ജില്ലയിൽ മംഗലം, കാഞ്ഞിരപ്പുഴ അണക്കെട്ടുകൾ തുറന്നതോടൊപ്പം തൃത്താല, വെള്ളിയാങ്കല്ല് ഷട്ടറുകളും ഉയർത്തി. കോഴിക്കോട് താമരശ്ശേരി ഈങ്ങാപ്പുഴ ദേശീയപാതയിൽ വെള്ളം കയറി തടസ്സപ്പെട്ട ഗതാഗതം പിന്നീട് പുനഃസ്ഥാപിച്ചു.
മഴക്കെടുതിയിൽ മരിച്ചവരിൽ റെജീന, ജോസഫിൻ, മിലൻ കെ. ഷിജു, സുമതി, പ്രഭാകരൻ നായർ, ആദം ഐമൻ, അബ്ദുൽ മുഹൈനി, ബെന്നി എന്നിവർ ഉൾപ്പെടുന്നു. ഗുജറാത്ത് തീരത്തുനിന്നുള്ള ന്യൂനമർദ്ദ പാത്തിയാണ് സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയ്‌ക്ക് കാരണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഞായറാഴ്ചയും മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സാഹചര്യം കണക്കിലെടുത്ത് എം.ജി. സർവകലാശാലയുടെയും ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെയും വിവിധ പരീക്ഷകൾ മാറ്റിവെച്ചു. കേരള, കർണാടക തീരങ്ങളിലും ലക്ഷദ്വീപ് മേഖലയിലും ജാഗ്രതാ നിർദേശം തുടരുകയാണ്.

