നെടുപുഴ: തൃശൂര്‍ നെടുപുഴയിലെ കോള്‍പ്പാടത്ത് മിനി ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി. നെടുപുഴ മല്ലിത്തറ കടവില്‍ നിന്ന് പാടത്ത് വളര്‍ത്തിയിരുന്ന മത്സ്യങ്ങള്‍ക്ക് തീറ്റ നല്‍കാനായി പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. അഞ്ചുപേരാണ് ബോട്ടിലുണ്ടായിരുന്നത്. കോള്‍പ്പാടത്തിന്റെ മധ്യഭാഗത്തെത്തിയ ഉടനെ ബോട്ട് അപകടത്തിൽപ്പെടുകയായിരുന്നു.
ബോട്ടിലുണ്ടായിരുന്നവരില്‍ മൂന്നുപേര്‍ നീന്തി കരയ്ക്കെത്തിയെങ്കിലും രണ്ടുപേരെ കാണാതാവുകയായിരുന്നു. മീന്‍കൃഷിക്കായി സുനി എന്നയാള്‍ ലീസിനെടുത്ത കോള്‍പ്പാടത്തേക്കാണ് സംഘം പോയതെന്നാണ് പ്രാഥമിക വിവരം. വിവരമറിഞ്ഞയുടൻ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു.
പ്രദേശത്ത് ശക്തമായ മഴയും വെളിച്ചക്കുറവും നിലനില്‍ക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമായി തുടരുകയാണ്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്. അപകടകാരണത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

