തിരുവനന്തപുരം: സ്ത്രീകൾക്കായി നടപ്പിലാക്കിയ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിക്ക് പിന്നാലെ സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ബസ് ഉടമകളുടെ മുന്നറിയിപ്പ്. പ്രശ്നപരിഹാരത്തിനായി സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ, സ്വകാര്യ ബസുകൾക്ക് പുറമെ ടൂറിസ്റ്റ് ബസുകൾ, ടാക്സികൾ, ഓട്ടോറിക്ഷകൾ എന്നിവയെ കൂടി ഉൾപ്പെടുത്തി സംസ്ഥാനവ്യാപകമായി വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് ബസ് ഉടമകൾ വ്യക്തമാക്കി. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ജൂലൈ ആറിന് ചേരുന്ന യോഗത്തിൽ കൈക്കൊള്ളുമെന്ന് സംഘടനാ പ്രതിനിധികൾ അറിയിച്ചു.
സൗജന്യ യാത്രാ പദ്ധതി നിലവിൽ വന്നതോടെ ബസുകളിലെ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായെന്ന് ഉടമകളും ജീവനക്കാരും ആരോപിക്കുന്നു. പല റൂട്ടുകളിലും സർവീസ് നടത്തുന്നത് വൻ നഷ്ടത്തിലാണെന്നും ഡീസൽ ചെലവും ജീവനക്കാരുടെ വേതനം പോലും കണ്ടെത്താൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. വരുമാനത്തിലുണ്ടായ കനത്ത ഇടിവ് മൂലം പാലക്കാട് ഉൾപ്പെടെയുള്ള പലയിടങ്ങളിലും ബസ് തൊഴിലാളികളുടെ ദിവസവേതനം പകുതിയായി കുറച്ചതായും റിപ്പോർട്ടുകളുണ്ട്.
പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ജൂലൈ 20 മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷനും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ, വയനാട്ടിലെ സ്വകാര്യ ബസുകൾ ജൂലൈ ഒന്ന് മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്ന് അതത് സംഘടനകളും വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ തലത്തിൽ അടിയന്തര ചർച്ചകൾ നടക്കാത്ത പക്ഷം ഗതാഗത മേഖലയിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകാനാണ് സാധ്യത.

