ഗുരുവായൂർ: സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോർഡ് കുതിപ്പ്. ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് ഒറ്റയടിക്ക് വർദ്ധിച്ചത്. ഇതോടെ സ്വർണം ഗ്രാമിന് 13,195 രൂപയിലേക്കും, ഒരു പവൻ സ്വർണം 1,05,560 രൂപയിലേക്കും ഉയർന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങൾക്കുള്ളിൽ മാത്രം വിപണിയിൽ 2,800 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വില കുറയുമെന്ന പ്രതീക്ഷകളെ അസ്ഥാനത്താക്കി ഇന്നലെ മാത്രം രണ്ടുതവണയായി പവന് 1,040 രൂപ വർദ്ധിച്ചിരുന്നു. ഈ പ്രവണത തുടരുന്നതാണ് ഇന്നും വലിയ തോതിലുള്ള വിലക്കയറ്റത്തിന് വഴിയൊരുക്കിയത്. അന്താരാഷ്ട്ര വിപണിയിലുണ്ടായ മുന്നേറ്റമാണ് കേരളത്തിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 90 രൂപ വർദ്ധിച്ച് 10,845 രൂപയിലാണ് ഇന്നത്തെ വ്യാപാരം നടക്കുന്നത്. അതേസമയം, വെള്ളിവിലയിൽ മാറ്റമില്ലാതെ ഗ്രാമിന് 240 രൂപയിൽ തുടരുകയാണ്.
സ്വർണവില വീണ്ടും ഒരു ലക്ഷത്തിന് താഴേക്ക് വരുമെന്ന സാമ്പത്തിക വിദഗ്ധരുടെ പ്രവചനങ്ങളെ കാറ്റിൽപ്പറത്തിയാണ് ഈ കുതിപ്പ്. ഫെഡ് റിസർവ് പലിശ നിരക്കുകളിൽ മാറ്റം വരുത്തില്ലെന്ന സൂചനകൾ നിക്ഷേപകരെ സ്വർണത്തിലേക്ക് കൂടുതൽ ആകർഷിക്കുന്നുണ്ട്. ഇതിനുപുറമെ, ആഗോളതലത്തിൽ എണ്ണവിലയിലുണ്ടായ കുറവും സ്വർണത്തിന്റെ തിളക്കം കൂടാൻ കാരണമായി. അപ്രതീക്ഷിതമായ ഈ വിലവർദ്ധനവ് സാധാരണക്കാരെയും വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങാനിരിക്കുന്നവരെയും വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വരും ദിവസങ്ങളിലും വിപണി ഇതേ നില തുടരുമോ അതോ തിരുത്തൽ സംഭവിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

