ആലപ്പുഴ: ഫിഫ ലോകകപ്പ് 2026-ന്റെ ആവേശം സംഗീതത്തിലൂടെ ആഘോഷമാക്കാൻ ചലച്ചിത്ര പ്രവർത്തകരും ഫുട്ബോൾ പ്രേമികളും ചേർന്ന് ഒരുക്കിയ ‘വൺ അരീന’ (One Arena) എന്ന മ്യൂസിക് ആന്തം പുറത്തിറങ്ങി. ആലപ്പുഴയിലെ കടുത്ത ഫുട്ബോൾ ആരാധകരുടെയും സിനിമാ പ്രവർത്തകരുടെയും ദീർഘകാല സ്വപ്നമായാണ് ഈ പ്രോജക്ട് യാഥാർഥ്യമായത്. സോഷ്യൽ മീഡിയയിലും വിവിധ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും ഇതിനോടകം ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ക്രിക്കറ്റിനേക്കാൾ ഫുട്ബോളിനെ നെഞ്ചിലേറ്റുന്ന യുവാക്കളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ ആന്തം. ഇന്ത്യയ്‌ക്ക് ലോകകപ്പ് വേദിയിൽ ഇടം നേടാനാകാത്തതിലെ നിരാശയും, ഭാവിയിൽ ഇന്ത്യൻ ഫുട്ബോൾ ആഗോള വേദികളിലെത്തണമെന്ന പ്രതീക്ഷയുമാണ് ഗാനത്തിന്റെ പ്രമേയം. മിഥുൻ കെ.എം. വരികൾ എഴുതിയ ഗാനം, തെരുവുകളിൽ പന്തുതട്ടി വളരുന്ന കുട്ടികളുടെ സ്വപ്നങ്ങളെയും പോരാട്ടങ്ങളെയും അടയാളപ്പെടുത്തുന്നു. റോസാൻ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. വെസ്റ്റേൺ റോക്ക്, സ്റ്റേഡിയം പോപ്പ് ശൈലിയിൽ ഒരുക്കിയ ഗാനം അന്താരാഷ്ട്ര നിലവാരത്തിലുള്ള സംഗീത വിന്യാസമാണ് കാഴ്ചവെക്കുന്നത്. വിനീത് എസ്തപ്പാൻ ഓഡിയോ മെട്രിക് സ്റ്റുഡിയോയിൽ മ്യൂസിക് പ്രോഗ്രാമിംഗ്, മിക്സിംഗ്, മാസ്റ്ററിംഗ് എന്നിവ നിർവഹിച്ചു.
വിഷ്വൽ ഡയറക്ഷൻ രാഹുൽ തങ്കച്ചനും, ഡയറക്ടർ ഓഫ് ഫോട്ടോഗ്രഫി ഷാനു ആലപ്പുഴയുമാണ്. എം.സി മ്യൂസിക് കളക്ടീവ് നിർമിച്ച ഈ ഗാനം റിലീസിന് പിന്നാലെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ വൻ മുന്നേറ്റമാണ് നടത്തുന്നത്. യൂട്യൂബിൽ 32,000-ത്തിലധികം കാഴ്ചക്കാരെയും, വിവിധ പ്ലാറ്റ്‌ഫോമുകളിലായി 50,000-ലധികം ക്രോസ്-പ്ലാറ്റ്‌ഫോം റീച്ചും ഗാനം ഇതിനകം നേടിക്കഴിഞ്ഞു. സ്പോട്ടിഫൈ, ആമസോൺ മ്യൂസിക്, ആപ്പിൾ മ്യൂസിക് തുടങ്ങിയ പ്രധാന സ്ട്രീമിംഗ് സേവനങ്ങളിലും ‘വൺ അരീന’ ലഭ്യമാണ്. ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയ്ക്കായി പുതുതലമുറയ്ക്ക് പ്രചോദനമേകാൻ ലക്ഷ്യമിട്ടുള്ള ഈ ആന്തം, ഫുട്ബോൾ ആരാധകർക്കിടയിൽ ഇതിനകം ചർച്ചയായി മാറിക്കഴിഞ്ഞു.

