കൊച്ചി: ദേശീയപാത വികസന രംഗത്ത് നിര്‍ണായക മുന്നേറ്റമായി അങ്കമാലി-അരൂര്‍ ബൈപ്പാസ് പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗിക അനുമതി നല്‍കി. കൊച്ചി നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ സ്ഥലമേറ്റെടുപ്പിനായുള്ള ‘3എ’ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങുമെന്ന് ദേശീയപാത അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി. മുന്‍പ് ആലോചനയിലുണ്ടായിരുന്ന അങ്കമാലി-കുണ്ടന്നൂര്‍ ബൈപ്പാസിന് പകരമായാണ് ഇപ്പോള്‍ പുതിയ റൂട്ടിന് അംഗീകാരം ലഭിച്ചിരിക്കുന്നത്.
നേരത്തേ നിര്‍ദേശിക്കപ്പെട്ടിരുന്ന പാതയില്‍ സ്ഥലമേറ്റെടുപ്പും ട്രാഫിക് പഠനവുമായി ബന്ധപ്പെട്ട് നിരവധി പ്രതിസന്ധികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് പദ്ധതി പുനഃസംഘടിപ്പിച്ചത്. പുതിയ സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അങ്കമാലിയില്‍ നിന്ന് അരൂര്‍ വരെ നീളുന്ന ഏകദേശം 50 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബൈപ്പാസാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. 70 മീറ്റര്‍ വീതിയില്‍ ഭൂമി ഏറ്റെടുത്ത് എട്ട് വരിപ്പാതയായി റോഡ് നിര്‍മിക്കാനാണ് തീരുമാനം. ഭാവിയിലെ ഗതാഗത ആവശ്യങ്ങള്‍ കൂടി കണക്കിലെടുത്ത് പത്ത് വരിപ്പാതയായി വികസിപ്പിക്കാനുള്ള സൗകര്യവും പദ്ധതിയിലുണ്ട്.
കേന്ദ്രാനുമതി ലഭിച്ചതോടെ ദേശീയപാത അതോറിറ്റി സ്ഥലമേറ്റെടുപ്പ് നടപടികളിലേക്ക് വേഗത്തില്‍ കടക്കും. പ്രാഥമിക വിജ്ഞാപനം പുറത്തുവരുന്നതോടെ ബാധിതമാകുന്ന ഭൂമികളുടെ സര്‍വേ വിവരങ്ങളും അതിരുകളും വ്യക്തമാകും. ഈ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ കൊച്ചി നഗരത്തിനുള്ളിലേക്ക് പ്രവേശിക്കാതെ തന്നെ വടക്കന്‍ കേരളത്തെയും തെക്കന്‍ ജില്ലകളെയും ബന്ധിപ്പിക്കുന്ന യാത്ര സുഗമമാകും. നിലവിലെ ഇടപ്പള്ളി-വൈറ്റില-അരൂര്‍ ദേശീയപാതയിലെ അമിതമായ വാഹനത്തിരക്ക് ഗണ്യമായി കുറയ്ക്കുന്നതിനും പുതിയ ബൈപ്പാസ് നിര്‍ണായക പങ്കുവഹിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

