ന്യൂഡല്‍ഹി: ഹോര്‍മൂസ് കടലിടുക്കിലെ ഗതാഗതം പുനഃസ്ഥാപിച്ചതോടെ ഇന്ത്യയിലേക്കുള്ള ചരക്കുനീക്കം വീണ്ടും സജീവമാകുന്നു. 62,370 മെട്രിക് ടണ്‍ ദ്രവീകൃത പ്രകൃതി വാതകം (എല്‍എന്‍ജി) വഹിച്ചെത്തിയ ‘ദിശ’ എന്ന എല്‍എന്‍ജി കാരിയര്‍ കപ്പല്‍ ഗുജറാത്തിലെ ദഹേജ് എല്‍എന്‍ജി ടെര്‍മിനലില്‍ എത്തിച്ചേര്‍ന്നു. മൂന്ന് മാസത്തിലേറെയായി ഹോര്‍മൂസ് കടലിടുക്കില്‍ തടസ്സപ്പെട്ടിരുന്ന കപ്പലുകളിലൊന്നാണ് ദിശ.
കടലിടുക്കിലൂടെയുള്ള ഗതാഗതം പുനരാരംഭിച്ചതോടെ വരും ദിവസങ്ങളില്‍ 40-ഓളം ചരക്കുകപ്പലുകള്‍ കൂടി ഇന്ത്യന്‍ തീരത്തേക്ക് എത്തുമെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ 13 എണ്ണം ഇന്ത്യന്‍ പതാക വഹിക്കുന്ന കപ്പലുകളാണ്. വരാനിരിക്കുന്ന കപ്പലുകളില്‍ 19 എണ്ണത്തില്‍ രാസവളവും, ഒന്‍പത് കപ്പലുകളില്‍ ക്രൂഡ് ഓയില്‍, എല്‍പിജി ഉള്‍പ്പെടെയുള്ള ഇന്ധനവുമാണ് ഇന്ത്യയിലേക്ക് എത്തുന്നത്.
നിലവില്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നതിനായി ഏകദേശം 1,200 കപ്പലുകളാണ് കാത്തിരിക്കുന്നത്. സംഘർഷസാഹചര്യങ്ങള്‍ക്ക് മുമ്പ് പ്രതിദിനം 140-ഓളം കപ്പലുകള്‍ ഈ കടലിടുക്ക് വഴി സുഗമമായി സഞ്ചരിച്ചിരുന്നു. എന്നാല്‍ ഗതാഗതം പഴയ നിലയിലേക്ക് പൂര്‍ണമായും സാധാരണഗതിയിലാകാന്‍ ഇനിയും ദിവസങ്ങള്‍ വേണ്ടിവരുമെന്നാണ് അന്താരാഷ്ട്ര തലത്തിലുള്ള വിലയിരുത്തലുകള്‍ സൂചിപ്പിക്കുന്നത്.

