തൃശൂർ: മതത്തിന്റെയോ ജാതിയുടേയോ പ്രദേശത്തിന്റെയോ ഭാഷയുടെയോ പേരിൽ ആരെയും അന്യരായി കാണുന്നില്ലെന്ന് ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത്. അധികാരത്തിനു വേണ്ടിയോ ആർക്കെങ്കിലും എതിരായോ അല്ല സംഘം പ്രവർത്തിക്കുന്നത്. ഭാരതത്തിന്റെയും അതുവഴി ലോകത്തിന്റെയും നന്മയും ക്ഷേമവും ലക്ഷ്യമാക്കി നൂറ്റാണ്ടായി തുടരുന്ന പ്രവർത്തനമാണ് സംഘത്തിന്റേതെന്ന് അദ്ദേഹം വ്യക്തമാക്കി. തൃശൂർ ഹയാത്തിൽ സംഘ ശതാബ്ദിയോടനുബന്ധിച്ച് നടന്ന ക്ഷണിക്കപ്പെട്ട സദസ്സിൽ ‘സംഘ യാത്രയുടെ നൂറ് വർഷങ്ങൾ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവരും ഒന്നാണെന്നതാണ് സംഘത്തിന്റെ കാഴ്ചപ്പാട്. ഹിന്ദു എന്നത് ഭാരതത്തിന്റെ സാംസ്കാരിക പാരമ്പര്യത്തെയാണ് സൂചിപ്പിക്കുന്നത്. ആ നിലയ്ക്ക് ഏതു മതത്തിലും ദൈവത്തിലും വിശ്വസിക്കുന്നവരും ഹിന്ദുക്കളാണ്. വൈവിധ്യങ്ങൾക്കിടയിലും മനുഷ്യരെ ഒന്നിപ്പിക്കുന്ന ഘടകം ധർമ്മമാണ്. സത്യം, കരുണ, ശുചിത്വം, തപസ് എന്നിവയാണ് ധർമ്മത്തിന്റെ അടിസ്ഥാനം. ആരാധനാ സമ്പ്രദായങ്ങളുമായി ഇതിന് ബന്ധമില്ലെന്നും, ലോകനന്മയ്ക്ക് ഉതകുന്ന മാനുഷിക മൂല്യങ്ങളാണ് ഈ ധർമ്മമെന്നും അദ്ദേഹം വിശദീകരിച്ചു.
സമൂഹത്തിൽ ഗുണപരമായ പരിവർത്തനം കൊണ്ടുവരാൻ മൂല്യബോധമുള്ള വ്യക്തികളെ വാർത്തെടുക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം. ശാഖകളിലൂടെ പ്രവർത്തനങ്ങൾ സുതാര്യമായി മുന്നോട്ട് പോകുന്നു. ഭരണഘടനയ്ക്കനുസരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവർത്തിക്കുന്നതെന്നും, സംഘം ഭരണകാര്യങ്ങളിൽ ഇടപെടാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഘത്തെ വിമർശിക്കുന്നവർ ഉള്ളിൽ വന്ന് പ്രവർത്തനങ്ങൾ കണ്ട് മനസ്സിലാക്കണമെന്നും മോഹൻ ഭാഗവത് പറഞ്ഞു. ഉത്തര കേരളം പ്രാന്ത സംഘചാലക് കെ.കെ. ബലറാം, തൃശൂർ വിഭാഗ് സംഘചാലക് കെ.എസ്. പത്മനാഭൻ, വിഭാഗ് സഹകാര്യവാഹ് കെ. രാജേഷ് കുമാർ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

