റിയോ ഡി ജനീറിയോ: സാഹസിക വിനോദങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലുണ്ടാകുന്ന ചെറിയ വീഴ്ച പോലും എത്രത്തോളം ദാരുണമായ ദുരന്തങ്ങൾക്ക് കാരണമാകുമെന്ന് വ്യക്തമാക്കുന്ന സംഭവമാണ് ബ്രസീലിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബ്രസീലിലെ സാവോ പോളോ സംസ്ഥാനത്തെ ലിമേര നഗരത്തിൽ റോപ്പ് ജമ്പിംഗിനിടെ 21 വയസ്സുകാരിയായ മരിയ എഡ്വേർഡ റോഡ്രിഗസ് ഡി ഫ്രീറ്റാസ് എന്ന യുവതിയാണ് ദാരുണമായി മരണപ്പെട്ടത്. സാഹസിക വിനോദത്തിനിടെ സുരക്ഷാ കയർ ശരീരവുമായി ബന്ധിപ്പിക്കുന്നതിൽ വരുത്തിയ ഗുരുതരമായ പിഴവാണ് അപകടത്തിലേക്ക് നയിച്ചത്.
അപകടസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളിൽ, ജീവനക്കാർ യുവതിയെ പാലത്തിന്റെ അരികിലേക്ക് നയിക്കുന്നതും താഴേക്ക് ചാടാൻ അനുവദിക്കുന്നതും കാണാൻ സാധിക്കും. എന്നാൽ, ജീവൻ സുരക്ഷിതമാക്കേണ്ട പ്രധാനപ്പെട്ട സുരക്ഷാ ലൈൻ ശരീരത്തിൽ ഘടിപ്പിച്ചിട്ടില്ലെന്ന കാര്യം അവിടെയുണ്ടായിരുന്നവർ ശ്രദ്ധിച്ചില്ല. ഏകദേശം 130 അടി ഉയരത്തിൽ നിന്നാണ് മരിയ താഴേക്ക് ചാടിയത്. ഫിസിക്കൽ എഡ്യൂക്കേഷനിലും സ്പോർട്സ് മാനേജ്മെന്റിലും പരിശീലനം നേടിയിരുന്ന മരിയ, ജാൻഡിറയിലാണ് താമസിച്ചിരുന്നത്. യാത്രകളെയും ഔട്ട്ഡോർ ആക്റ്റിവിറ്റികളെയും കുറിച്ച് സാമൂഹിക മാധ്യമങ്ങളിൽ സജീവമായിരുന്ന മരിയ, ഈ പുതിയ അനുഭവത്തെക്കുറിച്ച് അപകടത്തിന് തൊട്ടുമുമ്പും പോസ്റ്റ് ചെയ്തിരുന്നു.
ചാട്ടത്തിന് പിന്നാലെ നടന്ന വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ യുവതിയെ രക്ഷപ്പെടുത്താൻ സാധിച്ചില്ല. സംഭവത്തിൽ ബ്രസീലിയൻ അധികൃതർ ഔദ്യോഗിക അന്വേഷണം ആരംഭിച്ചു. അപകടദിവസം കൃത്യമായ സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിച്ചിട്ടുണ്ടോയെന്നും സംഘാടകരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്നും അന്വേഷണത്തിൽ പരിശോധിക്കും. സംഭവവുമായി ബന്ധപ്പെട്ട് സംഘാടകരായ ആറുപേരെ സിവൽ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ബഞ്ചി ജമ്പിംഗ്, ബ്രിഡ്ജ് സ്വിംഗിംഗ്, സിപ്പ് ലൈനിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങൾ പൂർണ്ണമായും അതിശക്തമായ സുരക്ഷാ സംവിധാനങ്ങളെയും ഉപകരണങ്ങളുടെ കൃത്യമായ പരിശോധനകളെയും ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ഇതിലുണ്ടാകുന്ന നേരിയ അശ്രദ്ധ പോലും വലിയ ജീവഹാനിക്ക് കാരണമാകുമെന്ന മുന്നറിയിപ്പാണ് ഈ സംഭവം നൽകുന്നത്.

