കൊച്ചി: തേവര പാലത്തിന്റെ കൈവരിയിലേക്ക് ലോറി ഇടിച്ചുകയറി അപകടം. കുണ്ടന്നൂരിൽ നിന്നും ഐലൻഡിലേക്ക് പോവുകയായിരുന്ന ലോറിയാണ് അലക്സാണ്ടർ പറമ്പിത്തറ പാലത്തിൽ അപകടത്തിൽപ്പെട്ടത്. എതിരെ വന്ന വാഹനത്തിന് വഴി നൽകുന്നതിനിടെ നിയന്ത്രണം വിട്ട ലോറി പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
അപകടത്തിൽ ആർക്കും കാര്യമായ പരിക്കുകളില്ല. ലോറിയിലുണ്ടായിരുന്ന ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ലോഡ് ഇറക്കിയ ശേഷം മടങ്ങി വരികയായിരുന്ന ലോറി കൈവരിയിൽ ഇടിച്ചതിനെ തുടർന്ന് മുൻഭാഗം പാലത്തിന് താഴേക്ക് തൂങ്ങി നിൽക്കുന്ന അവസ്ഥയിലാണുള്ളത്.
സംഭവസ്ഥലത്ത് നിലവിൽ ലോറി സുരക്ഷിതമായി പുറത്തെടുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാഗത തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ അധികൃതർ ശ്രദ്ധ ചെലുത്തുന്നുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയാക്കി ലോറി നീക്കം ചെയ്യുന്നതോടെ ഗതാഗതം പൂർണ്ണമായി സാധാരണ നിലയിലാകും.

