ഗുവാഹത്തി: ചെന്നൈ സൂപ്പർ കിങ്സ് (സി.എസ്.കെ) ജഴ്സിയിലെ കന്നി മത്സരത്തിനിറങ്ങിയ മലയാളി താരം സഞ്ജു സാംസണെ പുറത്താക്കാൻ രാജസ്ഥാൻ റോയൽസ് ഒരുക്കിയത് കൃത്യമായ പദ്ധതികൾ. സഞ്ജുവിന്റെ വിക്കറ്റ് വീഴ്ത്താനായി നടത്തിയ ശ്രമങ്ങൾ ഒരു ചൂതാട്ടം പോലെയായിരുന്നെന്ന് രാജസ്ഥാന്റെ പുതിയ ക്യാപ്റ്റൻ റിയാൻ പരാഗ് വെളിപ്പെടുത്തി. നാൻഡ്രെ ബർഗർ എറിഞ്ഞ രണ്ടാം ഓവറിലെ അവസാന പന്തിൽ ക്ലീൻ ബൗൾഡായാണ് ഓപ്പണറായെത്തിയ സഞ്ജു മടങ്ങിയത്. ഏഴ് പന്തിൽ ആറ് റൺസ് മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം.
രാജസ്ഥാന്റെ മുഴുവൻ സമയ ക്യാപ്റ്റനായുള്ള പരാഗിന്റെ ആദ്യ മത്സരമായിരുന്നു ഇത്. മുൻ നായകനായ സഞ്ജുവിനെതിരായ തന്ത്രങ്ങളെക്കുറിച്ച് മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് പരാഗ് മനസ് തുറന്നത്. “ആദ്യത്തെ മൂന്നോ നാലോ പന്തുകൾ സഞ്ജു ഭായിയെ സംബന്ധിച്ച് വളരെ നിർണായകമായിരുന്നു. അതനുസരിച്ചാണ് ഞങ്ങൾ ഫീൽഡർമാരെ വിന്യസിച്ചതും പദ്ധതികൾ മെനഞ്ഞതും. അദ്ദേഹത്തെക്കൊണ്ട് ഏറ്റവും മികച്ച ഷോട്ട് കളിപ്പിക്കാൻ പ്രേരിപ്പിച്ചത് ഒരു ചൂതാട്ടം പോലെയായിരുന്നു,” പരാഗ് പറഞ്ഞു.
ഷോർട്ട് ബോളുകൾ എറിഞ്ഞ് സഞ്ജുവിന് ഏറെ പ്രിയപ്പെട്ട പുൾ ഷോട്ടുകൾ കളിപ്പിക്കാനാണ് രാജസ്ഥാൻ ശ്രമിച്ചത്. അദ്ദേഹത്തെ അസ്വസ്ഥനാക്കുന്ന പന്തുകൾ എറിയാനാണ് താൻ ബൗളറോട് ആവശ്യപ്പെട്ടതെന്നും, ബൗണ്ടറി നേടാൻ സഞ്ജുവിന് അവസരമൊരുക്കിയത് പോലും ഈ തന്ത്രത്തിന്റെ ഭാഗമായിരുന്നെന്നും പരാഗ് അവകാശപ്പെട്ടു. പദ്ധതികൾ വിചാരിച്ചതുപോലെ നടന്നില്ലായിരുന്നെങ്കിൽ താനൊരു മണ്ടനെപ്പോലെ ഇരിക്കേണ്ടി വന്നേനെയെന്നും പരാഗ് കൂട്ടിച്ചേർത്തു.
ക്യാപ്റ്റന്റെ തന്ത്രങ്ങൾ മൈതാനത്ത് കൃത്യമായി ഫലിച്ചു. 140 കിലോമീറ്റർ വേഗതയിൽ വന്ന ബർഗറിന്റെ പന്തിന്റെ ഗതി മനസ്സിലാക്കുന്നതിൽ സഞ്ജുവിന് പിഴച്ചു. കൃത്യമായ ഫുട്ട് വർക്കില്ലാതെ ബാറ്റ് വീശിയ സഞ്ജുവിന് പന്തിനുമേലുള്ള നിയന്ത്രണം നഷ്ടമാകുകയും ഓഫ് സ്റ്റമ്പ് തെറിക്കുകയുമായിരുന്നു.
മത്സരത്തിൽ ചെന്നൈക്കെതിരെ എട്ടു വിക്കറ്റിന്റെ ആധികാരിക ജയമാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 19.4 ഓവറിൽ 127 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ കേവലം 12.1 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. 17 പന്തിൽ 52 റൺസ് അടിച്ചുകൂട്ടിയ ഓപ്പണർ വൈഭവ് സൂര്യവൻശിയുടെ വെടിക്കെട്ട് പ്രകടനമാണ് രാജസ്ഥാന് അനായാസ ജയം സമ്മാനിച്ചത്. ഏപ്രിൽ നാലിന് ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം.

