തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കർശനമാക്കാൻ ആരോഗ്യവകുപ്പിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ സംസ്ഥാനത്ത് ‘ഡ്രൈ ഡേ’ ആചരിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. വരും ദിവസങ്ങളിൽ വിപുലമായ രീതിയിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
പുതിയ തീരുമാനപ്രകാരം വെള്ളിയാഴ്ച സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടക്കും. ശനിയാഴ്ച എല്ലാ സർക്കാർ, സ്വകാര്യ ഓഫീസുകളിലും ഡ്രൈ ഡേ ആചരിക്കും. ഞായറാഴ്ച വീടുകളും പരിസരങ്ങളും ശുചീകരിക്കുന്നതിനായി പൊതുജനങ്ങളെ സജ്ജരാക്കും. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ജില്ലാ മെഡിക്കൽ ഓഫീസർമാരുടെയും ജില്ലാ കളക്ടർമാരുടെയും പങ്കാളിത്തത്തോടെ ചേർന്ന അടിയന്തര അവലോകന യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. സംസ്ഥാനത്ത് മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളിൽ വീഴ്ച സംഭവിച്ചുവെന്ന ആക്ഷേപം ഉയർന്ന പശ്ചാത്തലത്തിൽ, രോഗവ്യാപനം അടിയന്തരമായി നിയന്ത്രിക്കാനാണ് സർക്കാർ ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ ആരോഗ്യമേഖല നിലവിൽ കടുത്ത വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത്. ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതിന് പുറമേ, ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിലും വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. നിലവിൽ പ്രതിദിനം പതിനായിരത്തിലധികം ആളുകളാണ് പനി ബാധിച്ച് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സ തേടുന്നത്. വരും ദിവസങ്ങളിൽ മഴ കനക്കുന്നതോടെ എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ കൂടുതൽ വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ശുചീകരണ യജ്ഞങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിലൂടെ മാത്രമേ രോഗവ്യാപനത്തെ ഫലപ്രദമായി തടയാൻ സാധിക്കൂ എന്ന് അധികൃതർ വ്യക്തമാക്കി.

