തിരുവനന്തപുരം: ശബരിമല തീർഥാടനത്തെ കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമാക്കാൻ ലക്ഷ്യമിട്ട് കൃത്രിമ ബുദ്ധി (എഐ) അധിഷ്ഠിത തീർഥാടക മാനേജ്‌മെന്റ് സംവിധാനം നടപ്പാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒരുങ്ങുന്നു. ‘വിഷൻ ശബരിമല’ പദ്ധതിയുടെ ഭാഗമായാണ് പുതിയ സാങ്കേതിക സംവിധാനം നടപ്പാക്കുന്നത്. വരുന്ന മണ്ഡല-മകരവിളക്ക് സീസൺ മുതൽ പദ്ധതിയുടെ പ്രധാന ഘടകങ്ങൾ പ്രാവർത്തികമാക്കാനാണ് ദേവസ്വം ബോർഡ് ലക്ഷ്യമിടുന്നത്. കേരള ഹൈക്കോടതി അംഗീകരിച്ച വിഷൻ ശബരിമല പദ്ധതിയുടെ തുടർച്ചയായാണ് ഈ എഐ സംവിധാനം വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതി സംബന്ധിച്ച വിവരങ്ങൾ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുമായും വിദഗ്ധരുമായും നടത്തിയ ചർച്ചകൾക്ക് ശേഷമാണ് പങ്കുവെച്ചത്.
എഐ സംവിധാനത്തിന്റെ ഭാഗമായി ഹൈ-റെസല്യൂഷൻ ക്യാമറകൾ, ഇൻഫ്രാറെഡ് സെൻസറുകൾ, ഡ്രോണുകൾ, ജിപിഎസ് മാപ്പിങ്, പ്രെഡിക്ടീവ് അനലിറ്റിക്‌സ് എന്നിവ സംയോജിപ്പിച്ച പ്ലാറ്റ്‌ഫോം ഒരുക്കാനാണ് തീരുമാനം. തീർഥാടകരുടെ സഞ്ചാരം തത്സമയം നിരീക്ഷിക്കുന്നതിലൂടെ തിരക്ക് രൂപപ്പെടാൻ സാധ്യതയുള്ള മേഖലകൾ മുൻകൂട്ടി കണ്ടെത്താനും, അപകടസാധ്യതകൾ ഒഴിവാക്കാൻ ആവശ്യമായ നിയന്ത്രണ നടപടികൾ സ്വീകരിക്കാനും സാധിക്കും. കൂടാതെ, മുഖം തിരിച്ചറിയുന്ന എഐ ക്യാമറകൾ വഴി കാണാതാകുന്ന കുട്ടികളെയും വയോധികരെയും വേഗത്തിൽ കണ്ടെത്താനും സുരക്ഷാ നിരീക്ഷണം ശക്തിപ്പെടുത്താനും പോലീസ് സംവിധാനങ്ങൾക്ക് കഴിയും. പദ്ധതിയുടെ സാങ്കേതികവും ഭരണപരവുമായ നടപടികൾ പൂർത്തിയാക്കി ഓഗസ്റ്റോടെ കരാർ നടപടികൾ അന്തിമമാക്കാനാണ് ലക്ഷ്യമിടുന്നത്.
സുരക്ഷയ്‌ക്കൊപ്പം തീർഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കുന്ന വിവരസാങ്കേതിക സംവിധാനങ്ങളും പദ്ധതിയുടെ ഭാഗമായിരിക്കും. വിവിധ കേന്ദ്രങ്ങളിലെ തിരക്ക്, കാത്തിരിപ്പ് സമയം, യാത്രാമാർഗങ്ങളിലെ സാഹചര്യം എന്നിവ തീർഥാടകർക്ക് തത്സമയം ലഭ്യമാക്കാൻ മൊബൈൽ ആപ്പുകൾ അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കും. ‘ക്ലീൻ ശബരിമല, ഗ്രീൻ ശബരിമല’ എന്ന ആശയത്തിന് മുൻഗണന നൽകിക്കൊണ്ട് ശാസ്ത്രീയ മാലിന്യ സംസ്കരണം, പ്ലാസ്റ്റിക് നിയന്ത്രണം, സുചിത്വ മിഷനുമായി സഹകരിച്ചുള്ള പ്രവർത്തനങ്ങൾ എന്നിവയും നടപ്പിലാക്കും. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകർക്കായി വിവിധ ഭാഷകളിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്നും, ശാസ്ത്രീയമായ ആസൂത്രണത്തിലൂടെ ശബരിമലയെ തീർഥാടക സൗഹൃദ കേന്ദ്രമാക്കി മാറ്റുമെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.

