കൊച്ചി: ശബരിമല ക്ഷേത്രത്തിൽ കഴിഞ്ഞ പത്തു വർഷ കാലയളവിൽ നടന്ന ഗണപതി ഹോമം, അഷ്ടാഭിഷേകം, മഹാനിവേദ്യം തുടങ്ങിയ പ്രധാന വഴിപാടുകളുടെ സമ്പൂർണ്ണ രേഖകൾ പത്തു ദിവസത്തിനകം കോടതിയിൽ സമർപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് ഹൈക്കോടതി നിർദ്ദേശിച്ചു. ക്ഷേത്രത്തിലെ പൂജാ കർമ്മങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കുന്നതിനും ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം പരിശോധിക്കുന്നതിനുമായാണ് കോടതിയുടെ അടിയന്തര ഇടപെടൽ. ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.
ശബരിമല സ്‌പെഷ്യൽ കമ്മീഷണർ സമർപ്പിച്ച പ്രത്യേക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഈ നിർണ്ണായക നടപടി. ക്ഷേത്രത്തിലെ നിത്യനിദാന പൂജകൾക്കുള്ള സാധനങ്ങൾ, ഗണപതി പ്രതിഷ്ഠയിലേക്കും മാളികപ്പുറം ക്ഷേത്രത്തിലേക്കും ആവശ്യമായ പട്ട്, തോർത്ത്, വെള്ളമുണ്ട് തുടങ്ങിയവ വർഷങ്ങളായി സുനിൽ കുമാർ എന്ന വ്യക്തിയാണ് വിതരണം ചെയ്യുന്നതെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു. കൂടാതെ, കഴിഞ്ഞ ആറു മാസത്തെ മാസപൂജകളോടനുബന്ധിച്ച് അഷ്ടാഭിഷേകത്തിനായി സാധനങ്ങൾ വാങ്ങിയ വകയിൽ ക്ഷേത്ര ഭരണച്ചുമതലയുള്ള ഉദ്യോഗസ്ഥർ 5.15 ലക്ഷം രൂപയോളം വകമാറ്റി ചെലവഴിച്ചതായും ഗുരുതരമായ ആരോപണം ഉയർന്നിട്ടുണ്ട്.
ക്ഷേത്ര ഫണ്ടുകളുടെ ദുരുപയോഗം, ഒരേ ആവശ്യത്തിനായി ഒന്നിലധികം തവണ തുക കൈപ്പറ്റൽ, വരുമാന നഷ്ടം, മറ്റ് സാമ്പത്തിക ക്രമക്കേടുകൾ എന്നിവ തടയുന്നതിൽ നിലവിലുള്ള സുരക്ഷാ സംവിധാനങ്ങൾ പര്യാപ്തമാണോ എന്ന് പരിശോധിക്കാൻ ഓഡിറ്റ് വിഭാഗത്തിന് കോടതി നിർദ്ദേശം നൽകി. ഇതുസംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് കൂടുതൽ വാദങ്ങൾക്കായി ഈ മാസം 19-ലേക്ക് മാറ്റി വെച്ചു.

