കാന്‍സാസ് സിറ്റി: ലോകകപ്പ് ഫുട്‌ബോളിനായുള്ള കടുത്ത പരിശീലനങ്ങള്‍ക്കിടയില്‍ ഇംഗ്ലണ്ട് ദേശീയ ടീമിന് അപ്രതീക്ഷിത തിരിച്ചടി. കാന്‍സാസ് സിറ്റിയിലെ പരിശീലന ക്യാമ്പില്‍ എത്തിയതിന് തൊട്ടുപിന്നാലെ ടീമിന്റെ വിലപ്പെട്ട കായിക സാമഗ്രികളും പരിശീലന ഉപകരണങ്ങളും മോഷണം പോയി. നായകന്‍ ഹാരി കെയ്ന്‍, ജൂഡ് ബെല്ലിങ്ഹാം എന്നിവരുടെ ബൂട്ടുകളും ടൂര്‍ണമെന്റിലെ ഒഫീഷ്യല്‍ ഫുട്‌ബോളുകളും ഉള്‍പ്പെടെയുള്ളവയാണ് നഷ്ടപ്പെട്ടത്.
ഫ്‌ലോറിഡയിലെ പ്രീ-ടൂര്‍ണമെന്റ് ക്യാമ്പ് പൂര്‍ത്തിയാക്കി മിസോറിയിലെ ‘സ്വോപ്പ് സോക്കര്‍ വില്ലേജിലേക്ക്’ ടീം സ്റ്റാഫുകള്‍ സാധനങ്ങളുമായി എത്തിയപ്പോഴാണ് സംഭവം. കളിക്കാര്‍ ശനിയാഴ്ച ക്യാമ്പിലേക്ക് എത്തുന്നതിന് മുന്നോടിയായി സാമഗ്രികള്‍ എത്തിക്കുകയായിരുന്നു. കാന്‍സാസ് സിറ്റിയില്‍ പാര്‍ക്ക് ചെയ്തിരുന്ന ടീമിന്റെ ഔദ്യോഗിക വാഹനത്തില്‍ നിന്ന്, കളിക്കാര്‍ സ്ഥലത്തില്ലാത്ത സമയത്താണ് മോഷണം നടന്നത്. കളിക്കാരുടെ ബൂട്ടുകള്‍, പരിശീലന ജേഴ്സികള്‍, മത്സരദിവസം ഉപയോഗിക്കേണ്ട ഒഫീഷ്യല്‍ യൂണിഫോമുകള്‍, കോച്ചിങ് സ്റ്റാഫിന്റെ ഉപകരണങ്ങള്‍, വൈറ്റ് ബോര്‍ഡുകള്‍, ഔദ്യോഗിക മത്സര പന്തുകള്‍, കളി വിശകലനം ചെയ്യുന്നതിനുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍, മസാജ് ടേബിളുകള്‍ എന്നിവ മോഷണം പോയവയില്‍പ്പെടുന്നു.
വരാനിരിക്കുന്ന ബുധനാഴ്ച ഡാലസില്‍ വെച്ച് ക്രൊയേഷ്യക്കെതിരെയാണ് ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം. ഇതിന് മുന്നോടിയായി ഞായറാഴ്ച മുതല്‍ ടീം പൂര്‍ണ്ണതോതിലുള്ള പരിശീലനം ആരംഭിക്കാനിരിക്കുകയായിരുന്നു. നിര്‍ണ്ണായകമായ ഉദ്ഘാടന മത്സരത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, നഷ്ടപ്പെട്ട സാധനങ്ങള്‍ക്ക് പകരം സംവിധാനങ്ങള്‍ അടിയന്തരമായി എത്തിക്കാനുള്ള കടുത്ത സമ്മര്‍ദ്ദത്തിലാണ് ഇംഗ്ലീഷ് ടീം മാനേജ്മെന്റ്. സംഭവത്തെക്കുറിച്ച് പ്രാദേശിക പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

